രാജ്യത്തെ നിർമാണ മേഖലയിലെ കാർബൺ എമിഷൻ പ്രശ്നത്തിന് പരിഹാരവുമായി ഡൽഹി ആസ്ഥാനമായ സ്റ്റാർട്ടപ്പ് വിശ്വ ഹര ചക്ര (Vishwa Hara Chakra). 2024ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ്, സിമന്റ് പൂർണ്ണമായും ഒഴിവാക്കി കാർബൺ-നെഗറ്റീവ് നിർമാണ സാമഗ്രികൾ വികസിപ്പിച്ചാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ പ്രതിവർഷം 150 മുതൽ 500 മില്യൺ ടൺ വരെ കൺസ്ട്രക്ഷൻ–ഡിമോളിഷൻ മാലിന്യം ഉണ്ടാകുന്ന സാഹചര്യത്തിൽ, ഫ്ളൈ ആഷ്, സ്ലാഗ് തുടങ്ങിയ വ്യാവസായിക മാലിന്യങ്ങൾ ഉപയോഗിച്ച് സിമെന്റിന് പകരം ‘ഇക്കോ-കോൺക്രീറ്റ്’ എന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സാധാരണ സിമന്റിനേക്കാൾ 80 ശതമാനം വരെ കാർബൺ എമിഷൻ കുറയ്ക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡൽഹി സ്വദേശിനിയായ മേഘാ റാഠി, അമേരിക്കയിൽ പ്രവർത്തിക്കുന്ന പ്രൊഫസർ അശ്വിൻ ഗോപിനാഥ്, ടെക്നോളജി വിദഗ്ധനായ അഭിഷേക് ഛസേദ് എന്നിവർ ചേർന്നാണ് വിശ്വ ഹര ചക്ര സ്ഥാപിച്ചത്. മുൻ ആർമി കമാൻഡർ ലഫ്. ജനറൽ (റിട്ട.) ജെ.എസ്. നയൻ അഡ്വൈസറി ഫൗണ്ടറായും ടീമിനൊപ്പം ചേർന്നു. വെറും 25 ലക്ഷം രൂപയുടെ ബൂട്ട്സ്ട്രാപ്പ് നിക്ഷേപത്തോടെ ആരംഭിച്ച കമ്പനി തുടക്കത്തിൽ വലിയ കമ്പനികളിൽ നിന്ന് റിജക്ഷൻ നേരിട്ടിരുന്നു. എന്നാൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാറ്റാ പ്രോജക്ടിനായി ലഭിച്ച 1.8 കോടി രൂപയുടെ ഓർഡർ ആണ് വിശ്വ ഹര ചക്രയ്ക്ക് വഴിത്തിരിവായത്.
ഇന്ന് ടാറ്റയ്ക്കു പുറമേ അദാനി ഗ്രൂപ്പ്, ഐടിഡിസി, എൻബിസിസി, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, ഇന്ത്യൻ സൈന്യം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി വിശ്വ ഹര ചക്ര പ്രവർത്തിക്കുന്നു. കാർഗിൽ, റോത്താങ് പാസ് പോലുള്ള ദുർഘട പ്രദേശങ്ങളിൽ സൈന്യത്തിനായി –30 ഡിഗ്രി സെൽഷ്യസ് വരെ വെള്ളം ഫ്രീസാകാതെ സൂക്ഷിക്കുന്ന ‘സെഫിർ ഇൻസുലേഷൻ’ സാങ്കേതികവിദ്യയും കമ്പനി നടപ്പാക്കിയിട്ടുണ്ട്. മാലിന്യത്തിൽ നിന്ന് ബയോ-സിഎൻജി ഉത്പാദിപ്പിക്കുന്ന വേസ്റ്റ്-ടു-എനർജി പദ്ധതികളും കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്ഥാപിതമായതിന് ശേഷം ഇതുവരെ ഏകദേശം 5 കോടി രൂപയുടെ വരുമാനം കൈവരിച്ച വിശ്വ ഹര ചക്ര, ഇന്ത്യയുടെ നിർമാണ മേഖലയെ പൂർണ്ണമായും കാർബൺ-നെഗറ്റീവ് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് സ്ഥാപകർ വ്യക്തമാക്കുന്നു.
Delhi-based startup Vishwa Hara Chakra is revolutionizing the construction industry with its ‘Eco-Concrete’ technology. By replacing cement with industrial waste, they offer carbon-negative solutions to giants like Tata and Adani. Discover how they achieved an 80% reduction in carbon emissions.
