മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും നൽകുന്ന സാമ്പത്തിക സഹായം 100 ശതമാനം വർധിപ്പിച്ച് പ്രതിരോധ മന്ത്രാലയം. സാമ്പത്തിക സഹായം വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഇതോടെ വിവിധ ക്ഷേമപദ്ധതികളിലൂടെ നൽകുന്ന ധനസഹായം ഇരട്ടിയായിരിക്കുകയാണ്. ഇതിനായി പ്രതിവർഷം 257 കോടി രൂപയാണ് അധിക ചിലവായി പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര സൈനിക ബോർഡ് വഴിയാണ് സൈനിക ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം പെൻഷൻ ലഭിക്കാത്ത മുൻ സൈനികർക്കും വിധവകൾക്കുമുള്ള പെനറി ഗ്രാൻറ് പ്രതിമാസം 4000 രൂപയിൽനിന്ന് 8000 രൂപയായി. ആശ്രിതരായ രണ്ട് മക്കൾക്കോ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിധവക്കോ നൽകി വരുന്ന പ്രതിമാസ വിദ്യാഭ്യാസ ഗ്രാന്റ് 1000 രൂപയിൽനിന്ന് 2000 ആക്കിയിട്ടുമുണ്ട്. ഇതിനുപുറമേ ആശ്രിതരായ രണ്ട് മക്കളുടെ വിവാഹത്തിനോ വിധവാ പുനർവിവാഹത്തിനോ നൽകിവരുന്ന 50,000 രൂപയുടെ ധനസഹായം ഒരുലക്ഷം രൂപയായി. മുൻ സൈനികരുടെയും വരുമാനമില്ലാത്ത ആശ്രിതരുടെയും സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ധനസഹായം ഉയർത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
The Ministry of Defence has doubled financial assistance for ex-servicemen and their dependents. From education grants to marriage assistance and penury grants, discover the updated rates and how this ₹257 crore boost will support our veterans.
