സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ സോഴ്‌സ് കോഡ് അഥവാ നിർമാണ രഹസ്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിച്ചതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ സർക്കാരുമായി സോഴ്‌സ് കോഡ് പങ്കിടാനും നിരവധി സോഫ്റ്റ്‌വെയർ മാറ്റങ്ങൾ വരുത്താനും കേന്ദ്രം നിർദ്ദേശിക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരും നടപടിയും കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം.

ഈ അവകാശവാദം വ്യാജമാണെന്നും സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ അവരുടെ സോഴ്‌സ് കോഡ് പങ്കിടാൻ നിർബന്ധിക്കുന്നതിനുള്ള യാതൊരു നടപടിയും ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിച്ചിട്ടില്ലെന്നും പിഐബി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മൊബൈൽ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളൊന്നും ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കിയതും പിഐബി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും എല്ലാ മേഖലയിലുള്ളവരുമായും ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഫോണുകളുടെ സുരക്ഷ, ഇന്ത്യൻ ഭാഷാ സപ്പോർട്ട്, ഇലക്ട്രോണിക് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് സർക്കാർ കമ്പനികളുമായി പതിവായി ചർച്ചകൾ നടത്താറുണ്ട്. ഇതിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതാണ് മാധ്യമ റിപ്പോർട്ടുകളെന്ന് മന്ത്രാലയം വിമർശനം ഉന്നയിക്കുന്നു. ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികൾക്ക് തങ്ങളുടെ ഫോണുകളുടെ രഹസ്യ കോഡുകൾ നൽകുന്നതിൽ ആശങ്കയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ ഇത്തരം നിയമങ്ങൾ എവിടെയും നിലവിലില്ലെന്നും ഇത് കമ്പനികളുടെ സാങ്കേതിക രഹസ്യങ്ങൾ ചോരാൻ കാരണമാകുമെന്നും റിപ്പോർട്ട് കുറ്റപെടുത്തിയിരുന്നു.
Recent reports claimed the Indian government is forcing smartphone giants like Apple and Samsung to share their source code. PIB Fact Check has now debunked these claims. Read the truth behind the mobile security discussions and the IT Ministry’s official stance.
