യുഎസ്സിന് ഇന്ത്യയേക്കാൾ അനിവാര്യമായ മറ്റൊരു രാജ്യമില്ലെന്ന് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ് പ്രസിഡന്റ് ഡൊണാണൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ഇന്ത്യയും യുഎസും വ്യാപാര കരാറിന്റെ അടുത്തഘട്ട ചർച്ചകൾ പുനരാരംഭിക്കുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ട്രംപിന്റെ സൗഹൃദം യഥാർഥമാണെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അടുത്ത സുഹൃത്തുക്കളായ ഇരുവരും ചേർന്ന് പരിഹരിക്കുമെന്നും ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഗോർ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. യഥാർഥ സുഹൃത്തുക്കൾ തമ്മിൽ പല കാര്യങ്ങളിലും വിയോജിപ്പ് സ്വാഭാവികമാണ്. പക്ഷേ അവർക്ക് പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ വ്യാപാരം വളരെ പ്രധാനമാണ്. ഇന്ത്യ വലിയ രാജ്യമായതിനാൽ വ്യാപാരകരാർ യാഥാർഥ്യമാക്കാൻ പല കടമ്പകളുമുണ്ട്. അതെല്ലാം, മറികടന്ന് ലക്ഷ്യംകാണും. സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും ഗോർ കൂട്ടിച്ചേർത്തു.
US Ambassador Sergio Gor confirms that President Donald Trump may visit India next year. Explore the strengthening India-US ties and the upcoming trade deal discussions.
