ഉയർന്ന കാര്യക്ഷമതയുള്ള കാന്തമായ റെയർ ഏർത്ത് പെർമനന്റ് മാഗ്നറ്റ് (REPM) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് 20ഓളം കമ്പനികളുമായി കൂടിയാലോചന നടത്തി കേന്ദ്രം. വൈദ്യുത വാഹനങ്ങൾ (ഇവി), പുനരുപയോഗ ഊർജ സ്രോതസ്സുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള നിർണായക ഇൻപുട്ടായ അപൂർവ എർത്ത് മാഗ്നറ്റ് നിർമാണത്തിന്റെ ആഭ്യന്തര വിതരണ ശൃംഖല നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.

പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികൾ കേന്ദ്ര ഉരുക്ക്, ഘന വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കൺസൾട്ടേഷനിൽ 20ലധികം വ്യവസായ പങ്കാളികളുടെ പങ്കാളിത്തമുണ്ടായി. പദ്ധതി വിജ്ഞാപനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും നിർദ്ദേശങ്ങളും വിശദമായി ചർച്ച ചെയ്തതായി മന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) പങ്കെടുക്കുന്ന ഏതാനും പേർക്ക് 500 ടൺ റെയർ എർത്ത് ഓക്സൈഡുകൾ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ഘന വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏഴ് വർഷം നീണ്ടുനിൽക്കുന്ന പദ്ധതി പ്രകാരം 6,000 ടൺ കാന്ത ശേഷിക്കുള്ള പ്രോത്സാഹന പാക്കേജിന് നവംബർ അവസാനത്തോടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ, ഊർജ സാങ്കേതികവിദ്യകൾ, ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന കാന്തമാണ് ആർഇപിഎം. രാജ്യത്തെ ആർഇപിഎം ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വാശ്രയത്വം വർധിപ്പിക്കുന്നതിനുമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഗോള ആർഇപിഎം വിപണിയിൽ ഇന്ത്യയെ മുൻനിരക്കാരാക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യം.
ഇന്ത്യയുടെ സെമികണ്ടക്ടർ ദൗത്യത്തിന്റെ മാതൃകയിലാണ് ആർഇപിഎം പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പദ്ധതി പ്രകാരമുള്ള പ്രോത്സാഹനങ്ങൾ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇന്ത്യയെ ആർഇപിഎം നിർമാണത്തിൽ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഗ്നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് ഓടുന്ന മാഗ് ലെവ് ട്രെയിനുകളിൽ ആർഇപിഎം ഉപയോഗപ്രദമാണ്. മോട്ടോറുകൾ, ജനറേറ്ററുകൾ, കംപ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ഹൈബ്രിഡ് കാറുകൾ, വ്യവസായശാലകളിൽ ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾ, എസി, ലിഫ്റ്റ്, കാറ്റാടിയന്ത്രങ്ങൾ, ടർബൈനുകൾ എന്നിവയിലെല്ലാം ആർഇപിഎം ഉപയോഗിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന, ചെറിയ സ്പീക്കറുകൾ, മൈക്രോഫോണുകൾ, ഹെഡ്ഫോണുകൾ എന്നിവയുടെ നിർമാണത്തിലും ഇവ സുപ്രധാന ഘടകമാണ്.
The Indian government discusses a ₹7,280-crore scheme with 20 companies to boost Rare Earth Permanent Magnet (REPM) manufacturing, aiming for self-reliance in EV, defense, and electronics sectors.
