ഓർബിറ്റ് എയ്ഡിന്റെ 25 കിലോഗ്രാം ഭാരമുള്ള ആയുൽസാറ്റ് ദൗത്യം വിജയകരമായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടമാണ്. ഭ്രമണപഥത്തിൽ ഉപഗ്രഹത്തിന് ഇന്ധനം നിറയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് ആയുൽസാറ്റ് ഇന്ത്യയെ ഒരു പടി കൂടി അടുപ്പിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ചൈന മാത്രമാണ് ഈ നേട്ടം കൈവരിച്ച രാജ്യം.

കഴിഞ്ഞ വർഷം ചൈന ഭ്രമണപഥത്തിൽ ഉപഗ്രഹ ഇന്ധന നിറയ്ക്കൽ ദൗത്യം നടത്തിയിരുന്നു. എന്നാൽ അതിന്റെ സാങ്കേതിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ് ഉൾപ്പെടെയുള്ള മറ്റ് ബഹിരാകാശ ശക്തികൾക്കും ഇതുവരെ ഈ സാങ്കേതികവിദ്യ വിജയകരമായി പ്രദർശിപ്പിക്കാൻ സാധിച്ചിട്ടില്ല. യുഎസ് ആസ്ഥാനമായ ആസ്ട്രോസ്കെയിൽ എന്ന കമ്പനി ഇന്ധന കൈമാറ്റ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ടെങ്കിലും, ഇതുവരെ ദൗത്യം വിക്ഷേപിച്ചിട്ടില്ല.
ആയുൽസാറ്റ് ഭ്രമണപഥത്തിൽ പൂർണ്ണമായി ഇന്ധനം നിറയ്ക്കുന്നതിനുള്ള ഉപഗ്രഹമല്ല. മറിച്ച്, ബഹിരാകാശ പരിതസ്ഥിതിയിൽ ഇന്ധന കൈമാറ്റം സാധൂകരിക്കാനുള്ള ലക്ഷ്യ ഉപഗ്രഹമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ബഹിരാകാശ പേടകങ്ങൾ ഉൾപ്പെടുന്ന സങ്കീർണ്ണമായ സർവീസിംഗ് ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓർബിറ്റ് എയ്ഡിന്റെ ആദ്യഘട്ട പരീക്ഷണം ഒരൊറ്റ ഉപഗ്രഹത്തിനുള്ളിലെ ഇന്റേർണൽ റീഫ്യൂവലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യഥാർത്ഥ ഓർബിറ്റൽ സാഹചര്യങ്ങളിലും മൈക്രോഗ്രാവിറ്റിയിലും ദ്രാവകങ്ങൾ എങ്ങനെ പെരുമാറുന്നുവെന്ന് പഠിക്കാൻ ഈ ദൗത്യം എഞ്ചിനീയർമാർക്ക് സഹായകരമാകും. വിക്ഷേപണത്തിന് നാല് മണിക്കൂറിനുള്ളിൽ ആദ്യ ഇന്ധന കൈമാറ്റ പരീക്ഷണം നടക്കുമെന്ന് ഓർബിറ്റ് എയ്ഡ് സ്ഥാപകനും സിഇഒയുമായ ശക്തികുമാർ അറിയിച്ചു.
India is nearing a historic milestone with Orbit Aid’s Ayulsat mission. Designed to test internal fuel transfer in microgravity,this mission could make India the second country after China to master in-orbit satellite refueling technology.
