രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കാനിരിക്കുകയാണ്. കേരളത്തിലേക്ക് ഉൾപ്പെടെ പുതിയ ട്രെയിൻ വൈകാതെ എത്തും. ട്രെയിൻ ടിക്കറ്റ് നിരക്ക്, ബാധകമായ റിസർവേഷൻ ക്വാട്ടകൾ, മറ്റ് പ്രവർത്തന വിശദാംശങ്ങൾ എന്നിവ റെയിൽവേ വെളിപ്പെടുത്തിയിട്ടുണ്ട്. വിബി സ്ലീപ്പറിൽ ടിക്കറ്റ് പൂർണമായി കൺഫേം അല്ലെങ്കിലും യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ അനുവദിക്കുന്ന സൗകര്യമായ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (RAC) അല്ലെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടായിരിക്കില്ല. പൂർണമായും കൺഫേം ആയ ടിക്കറ്റ് മാത്രമേ ഈ ട്രെയിനിൽ അനുവദിക്കൂ.

ഗുവാഹത്തി – ഹൗറ റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസിനൊരുങ്ങുന്നത്. 960 രൂപയാണ് വന്ദേ ഭാരത് സ്ലീപ്പറിലെ (തേർഡ് എസി) അഥവാ ഏറ്റവും കുറഞ്ഞ നിരക്ക്. മിനിമം ടിക്കറ്റ് നിരക്കിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാം. 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഒറ്റനിരക്കായിരിക്കും ഈടാക്കുക. 400 കിലോമീറ്ററിന് ശേഷമുള്ള തേർഡ് എസി ഒരു കിലോമീറ്ററിന് 2.40 രൂപ നിരക്കിൽ കൂടും. സെക്കൻ്റ് എസിക്ക് 1240 രൂപയാണ് മിനിമം നിരക്ക്. 400 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 3.10 രൂപ വീതം കൂടും. ഫസ്റ്റ് എസിക്ക് മിനിമം ചാർജ് 1520 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററും 3.80 രൂപ വീതം കൂടും. ഈ നിരക്കിന് പുറമെ ജിഎസ്ടിയും ഈടാക്കും. ആർഎസി ഇല്ലെങ്കിലും വനിതകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക ക്വാട്ട വന്ദേ ഭാരത് സ്ലീപ്പറിലുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ നിലവിൽ സർവീസിലുള്ള വന്ദേ ഭാരത് ചെയർ കാർ ട്രെയിനിന്റെ സ്ലീപ്പർ ക്ലാസ് വകഭേദമാണ് ഈ ട്രെയിൻ. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, റെയിൽ ഗതാഗത രംഗത്തെ സ്വയം പര്യാപ്തതയിൽ നിർണായക ചുവടുവെയ്പ്പാണ്. രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്. യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇൻറഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്മെൻറ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്പ്ലേ പാനലുകൾ എന്നീ സവിശേതകളുണ്ട്. ഇതോടൊപ്പം സുരക്ഷാ ക്യാമറകളും, മോഡുലാർ പാൻട്രികൾ, ഭിന്നശേഷി യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്ലറ്റുകൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.
ദീർഘദൂര റെയിൽ യാത്രയിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ റെയിൽവേ, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ 200 ലധികം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ഒന്നിലധികം നിർമ്മാണ പരിപാടികൾ നടന്നുവരികയാണ്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ച് ബിഇഎംഎൽ സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നുണ്ട്. ഇന്ത്യൻ, റഷ്യൻ പങ്കാളികളുടെ സംയുക്ത സംരംഭമായ കൈനെറ്റും സെറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ടിറ്റാഗഡ് റെയിൽ സിസ്റ്റംസും ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന് 80 സ്ലീപ്പർ വേരിയന്റുകൾ നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനിന്റെ ഇൻ-ഹൗസ് സ്ലീപ്പർ പതിപ്പിലും ഐസിഎഫ് പ്രവർത്തിക്കുന്നുണ്ട്.
Get the latest details on Vande Bharat Sleeper train fares. With no RAC or waiting lists, enjoy a premium travel experience starting at ₹960 for 400km. Check features and routes here.
