10 മിനിറ്റ് ഡെലിവെറി സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ച് ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് (Blinkit). 10 മിനിറ്റ് ഡെലിവറി എന്ന അവകാശവാദം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ നൽകിയ നിർദേശത്തെ തുടർന്നാണ് ബ്ലിങ്കിറ്റിന്റെ തീരുമാനം. സ്വിഗി, സൊമാറ്റോ, സെപ്റ്റോ അടക്കമുള്ള ഓൺലൈൻ ഡെലിവെറി പ്ലാറ്റ്ഫോമുകൾ 10 മിനിറ്റ് ഡെലിവെറി എന്ന വാഗ്ദാനം നൽകുന്നത് ഡെലിവെറി ജീവനക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. അമിതവേഗവും അപകടകരമായ ഡ്രൈവിംഗും പലപ്പോഴും ഡെലിവെറി ജീവനക്കാരുടെ ജീവനും പൊതുജനങ്ങളുടെ സുരക്ഷയും അപകടത്തിലാക്കുന്നുവെന്ന പരാതികൾ വ്യാപകമായിരുന്നു.

ഇക്കാര്യത്തിൽ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തുകയും, 10 മിനിറ്റ് ഡെലിവെറി പോലുള്ള അവകാശവാദങ്ങൾ ഉടൻ പിൻവലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇത്തരം അവകാശവാദങ്ങൾ തുടരുന്നത് റോഡപകടങ്ങൾക്ക് കാരണമാകുമെന്നും ഡെലിവെറി ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഇതോടെ, കേന്ദ്ര നിർദേശത്തെ ആദ്യം അംഗീകരിച്ച പ്ലാറ്റ്ഫോമായി ബ്ലിങ്കിറ്റ് മാറി. തങ്ങളുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും 10 മിനിറ്റ് ഡെലിവെറി സേവനം അവസാനിപ്പിക്കുന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഉടൻ തന്നെ മറ്റ് ഡെലിവെറി പ്ലാറ്റ്ഫോമുകളും സമാന തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തൽ. അടുത്തകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ നിരവധി റോഡപകടങ്ങൾക്ക് 10 മിനിറ്റ് ഡെലിവെറി സേവനവുമായി ബന്ധപ്പെട്ട അമിതവേഗം കാരണമായതായി ആരോപണങ്ങൾ ഉയർന്നിരുന്നു. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് അടക്കമുള്ള ഏജൻസികൾ ഇതിനെതിരെ കോടതികളുടെ ഇടപെടൽ ആവശ്യപ്പെട്ട സാഹചര്യവും നിലവിലുണ്ട്.
ഡെലിവെറി സേവനങ്ങളിൽ വേഗതയ്ക്കൊപ്പം തൊഴിലാളികളുടെ സുരക്ഷയും പൊതുജനങ്ങളുടെ ജീവനും മുൻഗണന നൽകേണ്ടതുണ്ടെന്ന നിലപാടാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്. ഈ തീരുമാനം റോഡപകടങ്ങൾ കുറയ്ക്കാനും ഡെലിവെറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Blinkit officially removes its ’10-minute delivery’ claim after the Central Government raised concerns over delivery partner safety and road accidents. Read more about the new regulations for quick commerce platforms in India.
