വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ–ജർമനി ഉഭയകക്ഷി ചർച്ച. ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ അഹമ്മദാബാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാംസ്കാരിക വിനിമയം എന്നിവയിൽ സഹകരണം മെച്ചപ്പെടുത്താൻ തീരുമാനമായത്. ചർച്ചയിൽ പ്രധാനമന്ത്രി മോഡിയും മെർസും ജർമനിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർധനയും സംയുക്ത ബിരുദ പ്രോഗ്രാമുകളുടെ വളർച്ചയും ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള പങ്കാളിത്തവും ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ പ്രമുഖ ജർമൻ സർവകലാശാലകളെ പ്രധാനമന്ത്രി മോഡി രാജ്യത്തേക്ക് ക്ഷണിച്ചു.

ദീർഘകാല ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും അക്കാഡമിക് സഹകരണം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇന്തോ-ജർമ്മൻ സമഗ്ര രൂപരേഖ രൂപീകരിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും ജർമൻ സാങ്കേതിക സർവകലാശാലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനേയും ഇരുപക്ഷവും അഭിനന്ദിച്ചു. ഇതിലൂടെ ഗവേഷണ സഹകരണം, നവീകരണം, നൂതന നൈപുണ്യ വികസനം എന്നിവ മികച്ച നിലയിലെത്തുമെന്നും മോഡിയും മെർസും ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം, തൊഴിൽ സാധ്യത, സംയോജനം എന്നിവയെ പിന്തുണയ്ക്കുന്നതിനായി, രാജ്യത്തെ സെക്കൻഡറി സ്കൂളുകൾ, സർവകലാശാലകൾ, തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജർമ്മൻ ഭാഷാ പഠനം വ്യാപിപ്പിക്കും. ഇന്ത്യ-ജർമനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കും. വിദ്യാർത്ഥികൾ, ഗവേഷകർ, സ്കിൽഡ് പ്രൊഫഷണലുകൾ, കലാകാരന്മാർ, വിനോദസഞ്ചാരികൾ എന്നിവരുടെ കൈമാറ്റം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
Prime Minister Narendra Modi invites leading German universities to set up campuses in India under NEP. In a meeting with Chancellor Friedrich Merz, both leaders agreed to expand German language learning and strengthen Indo-German academic research.
