പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. മന്ത്രി അശ്വിനി വൈഷ്ണവാണ് ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് ഒൻപത് റൂട്ടുകളിലായി പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് ഏഴ് സർവീസുകളും അസമിൽ നിന്ന് രണ്ടു സർവീസുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഈ ട്രെയിനുകൾ യാത്രമധ്യേ ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കും.

ബംഗാളിൽ നിന്ന് നാഗർകോവിൽ, തിരുച്ചിറപ്പള്ളി, ബെംഗളൂരു, മുംബൈ, താംബരം, ബനാറസ്, ഡൽഹി എന്നിവടങ്ങിലേക്കാണ് സർവീസുകൾ. അസമിലെ ഗുവഹാത്തിയിൽ നിന്ന് റോഹ്തക്, ലഖ്നൗ എന്നിവിടങ്ങിലേക്കാണ് സർവീസ്. അസം, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെയും ദീർഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് പുതിയ റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്. അമൃത് ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളും നോൺ എസിയാണ്. ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച്, മിതമായ നിരക്കിൽ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കാനാണ് ട്രെയിനുകൾ വരുന്നത്. ജോലി, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങൾ എന്നിവയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും ട്രെയിനുകളുടെ ഫ്ലാഗ്ഓഫ് ഉടൻ നടത്തുമെന്നും റെയിൽവേ വ്യക്തമാക്കി.
ഗുവാഹത്തി (കാമാഖ്യ) – റോഹ്തക്, ദിബ്രുഗഡ് – ലഖ്നൗ (ഗോമതി നഗർ), ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ, ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി, അലിപുർദുവാർ – എസ്എംവിടി ബെംഗളൂരു, അലിപുർദുവാർ – മുംബൈ (പൻവേൽ), കൊൽക്കത്ത (സന്ത്രാഗച്ചി) – താംബരം, കൊൽക്കത്ത (ഹൗറ) – ആനന്ദ് വിഹാർ ടെർമിനൽ, കൊൽക്കത്ത (സീൽദ) – ബനാറസ് എൻ്നിവയാണ് റൂട്ടുകൾ.
Indian Railways announces 9 new Amrit Bharat Express trains connecting West Bengal and Assam with Tamil Nadu, Karnataka, Maharashtra, and UP. Explore the full list of routes and travel benefits here.
