വ്യക്തിഗത യാത്രക്കാർക്ക് അപ്പുറം ഇന്ത്യയിൽ കോർപറേറ്റ് യാത്രാ വിപണിയിലേക്ക് പ്രവേശിക്കാൻ ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്വർക്ക് കമ്പനി ഊബർ (Uber). ഐടി പാർക്കുകൾ, ഫാക്ടറികൾ, ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ എന്നിവിടങ്ങളിലേക്ക് ഓഫീസ് ജീവനക്കാരെ എത്തിക്കുന്നതിലൂടെ, സ്ഥിരതയുള്ള ഡിമാൻഡ് ആണ് കോർപറേറ്റ് യാത്രാ വിപണിക്കുള്ളത്. കമ്പനിയുടെ കണക്കുകൾ പ്രകാരം, 2030 വരെ ഈ വിപണി ഏകദേശം 13 ബില്യൺ ഡോളർ മൂല്യത്തിലെത്തും.

ആഗോള രംഗത്തും ഇന്ത്യയിലും കോർപറേറ്റ് യാത്രാ വിപണിയെ വളരെ വലിയ അവസരമായാണ് ഊബർ കാണുന്നതെന്ന് ഊബർ ഇഎംഇഎ ജനറൽ മാനേജർ നിക്കോളാസ് വാൻ ഡി ലൂക്കിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. കോർപ്പറേറ്റ് ഇക്കോസിസ്റ്റത്തിലെ വളർച്ച ഇതിനു മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിൽ ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ, IT പാർക്കുകൾ, പ്രൊഡക്ഷൻ ഹബുകൾ, വലിയ സംരംഭങ്ങൾ എന്നിവയുടെ വേഗത്തിലുള്ള വളർച്ച രാജ്യത്തെ കോർപറേറ്റ് യാത്രാ വിപണിയുടെ ഭാവിവളർച്ചയിൽ നിർണായകമാകും. ജീവനക്കാരുടെ യാത്രാ ആവശ്യകതയിൽ വലിയ ഡിമാൻഡ് ആണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
ഊബർ ഷട്ടിൽ സേവനങ്ങൾ നഗരങ്ങളിലുടനീളം വ്യാപിപ്പിക്കുമെന്നും കമ്പനി വമ്പൻ കോർപറേറ്റുകളിൽ മാത്രം ഒതുങ്ങാതെ സ്മോൾ-മിഡ് സ്ഥാപനങ്ങൾക്കും സേവനമെത്തിക്കുമെന്നുമാണ് റിപ്പോർട്ട്. പ്രത്യേക റൂട്ടുകളും, മുൻകൂർ ബുക്ക് ചെയ്യാവുന്ന സേവനങ്ങളുമായി വിവിധ പ്ലാനുകളും അവതരിപ്പിച്ചേക്കും. ഇത് ജീവനക്കാരുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമയലാഭത്തിനും സഹായിക്കും എന്നാണ് വിലയിരുത്തൽ.
Uber is pivoting to India’s $13 billion corporate mobility market. Learn how Uber Shuttle and employee transport services (ETS) are targeting IT parks and GCCs by 2030.
