യുഎഇയിൽ പുതിയ ഡാറ്റാ സെന്ററുകൾ ആരംഭിച്ച് ആഗോള സോഫ്റ്റ്വെയർ രംഗത്തെ ഇന്ത്യയുടെ അഭിമാന ബ്രാൻഡായ സോഹോ കോർപ്പറേഷൻ (Zoho Corporation). ദുബായിലും അബുദാബിയിലുമായി ക്ലൗഡ് അധിഷ്ഠിത ബിസിനസ് ആപ്ലിക്കേഷനുകളും ഐടി മാനേജ്മെന്റുമായി ബന്ധപ്പെട്ട മാനേജ് എൻജിൻ (ManageEngine) സേവനങ്ങളും ഉൾപ്പെടുത്തിയ ഡാറ്റാ സെന്ററുകളാണ് തുറന്നത്. യുഎഇ കമ്പനിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണെന്നും, രാജ്യത്തെ തുടർ നിക്ഷേപങ്ങളുടെ ഭാഗമായാണ് സോഹോയുടെ ആദ്യ ഡാറ്റാ സെന്ററുകൾ യുഎഇയിൽ ആരംഭിച്ചതെന്നും സോഹോ സഹസ്ഥാപകനും സിഇഒയുമായ ശൈലേഷ് ഡേവി വ്യക്തമാക്കി. കഴിഞ്ഞ വർഷം യുഎഇയിൽ സോഹോ 38.7 ശതമാനം വളർച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്ന സോഹോയുടെ സേവനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വലിയ തോതിലുള്ള ഡാറ്റ പ്രാദേശികമായി തന്നെ സംഭരിക്കാൻ സാധിക്കും. സോഹോയും മാനേജ് എൻജിനും ഉൾപ്പെടെ നൂറിലധികം സേവനങ്ങൾ എല്ലാ തരത്തിലുള്ള ബിസിനസുകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതുവഴി ബിസിനസ് പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കാനാകുമെന്ന് സോഹോ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ഹൈദർ നിസാം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ സംരംഭങ്ങളിലൂടെ 7,000ലധികം സ്ഥാപനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിനായി 80 കോടി ദിർഹം സോഹോ നിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
