ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുന്നു. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭക സംസ്കാരത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുമാണ് ഓരോ വർഷവും ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി, ഭാവിയിലെ സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡീപ് ടെക് തുടങ്ങിയ മേഖലകളിൽ സംരംഭകത്വത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ റോഡ്മാപ്പ് സർക്കാർ തയ്യാറാക്കുകയാണ്.

2016 ജനുവരി 16നാണ് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. അന്ന് രാജ്യത്ത് ഏകദേശം 400 സ്റ്റാർട്ടപ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം സർക്കാർ അംഗീകൃത സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. ഇതിൽ 120 യൂണികോണുകൾ ഉൾപ്പെടുന്നു. വിവിധ മേഖലകളിലായി 21 ലക്ഷം പേരാണ് ഈ സ്റ്റാർട്ടപ്പുകളിലൂടെ തൊഴിൽ കണ്ടെത്തിയിട്ടുള്ളത്. ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ത്യ മാറി.
സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഭാഗമായി ₹10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതി വഴി മൊത്തം ₹90,000 കോടി രൂപയുടെ കോർപ്പസ് സൃഷ്ടിക്കപ്പെടുകയും, ഇതിൽ നിന്ന് ഏകദേശം ₹21,000 കോടി രൂപ വിവിധ സ്റ്റാർട്ടപ്പുകളിലേക്കായി നിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇതിലൂടെ 1,200ലധികം സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ ലഭിച്ചു. ലളിതമായ കംപ്ലയൻസ് സംവിധാനം, സെൽഫ് സർട്ടിഫിക്കേഷൻ, മൂന്ന് വർഷത്തെ നികുതി ഇളവുകൾ, സീഡ് ഫണ്ട് സ്കീം, ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.
ഇനി കോർപറേറ്റ് സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലായിരിക്കും സർക്കാർ ശ്രദ്ധ. ഡീപ് ടെക്, എഐ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് വലിയ കമ്പനികൾക്കായി നവീനവും ചിലവുകുറഞ്ഞതുമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. പ്രതിരോധ സാങ്കേതികവിദ്യ, ബഹിരാകാശം, ബയോടെക്, സെമികണ്ടക്ടർ, കാലാവസ്ഥാ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകളുടെ പങ്ക് നിർണായകമാകുമെന്നും, ആഗോള മത്സരക്ഷമതയും ആത്മനിർഭരതയും കൈവരിക്കാൻ ഇത് സഹായിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു
Celebrating 10 years of Startup India! From 400 startups in 2016 to over 2 lakh in 2026, India is now the world’s 3rd largest ecosystem. Learn about the new focus on AI and Deep Tech.
