യുഎസ്സിലെ കനക്ടികട്ട് സ്റ്റേറ്റിൽനിന്ന് 10 മില്യൺ ഡോളറിൻറെ (ഏകദേശം 90 കോടി രൂപ) നിക്ഷേപം സ്വന്തമാക്കി മലയാളി സംരംഭകൻറെ സൈബർ സെക്യൂരിറ്റി കമ്പനി. ബെംഗളൂരു ആസ്ഥാനമായ ക്ലൗഡ്സെക്കാണ് (CloudSEK) സീരീസ് ബി റൗണ്ടിൽ യുഎസ് പ്രാദേശിക സർക്കാറിൽനിന്നും ഈ നേട്ടം സ്വന്തമാക്കിയത്. യുഎസിൽ നിന്ന് ഇത്തരത്തിലുള്ള ഫണ്ട് സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സൈബർ സെക്യൂരിറ്റി സംരംഭമാണ് ക്ലൗഡ്സെക്കെന്ന് കമ്പനി സഹസ്ഥാപകനും സിഇഒയുമായ രാഹുൽ ശശി പറഞ്ഞു. പുതിയ നിക്ഷേപം ക്ലൗഡ്സെക്കിൻറെ വളർച്ചയ്ക്കും സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേട്ടത്തിനു ശേഷം അദ്ദേഹം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്. അയൺമാൻ സ്യൂട്ട് ധരിച്ചുള്ള വീഡിയോയിൽ, അദ്ദേഹം പറയുന്നത് ഇങ്ങനെ: “2012ൽ ബ്ലാക്ക് ഹാറ്റ് കോൺഫറൻസിൽ പങ്കെടുക്കാനായി യുഎസ്സിലേക്ക് പോകാനിരുന്ന എന്റെ വിസ നിഷേധിക്കപ്പെട്ടു. അത് ജീവിതത്തിലെ ഏറ്റവും ഹൃദയഭേദകമായ അനുഭവങ്ങളിലൊന്നായിരുന്നു. ഇന്ന്, അതേ യുഎസ് സ്റ്റേറ്റിന്റെ വെഞ്ച്വർ ആം ആയ കനക്ടികട്ട് ഇന്നൊവേഷൻസ് ക്ലൗഡ്സെക്കിൽ നിക്ഷേപം നടത്തിയിരിക്കുന്നു.” ഈ നിക്ഷേപം ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഇക്കോസിസ്റ്റം ആഗോളതലത്തിൽ ഗൗരവമായി പരിഗണിക്കപ്പെടുന്നതിന്റെ അടയാളമാണെന്നും, അത് ഈ രംഗത്തുള്ള എല്ലാവർക്കുമുള്ള വിജയമാണെന്നും അദ്ദേഹം വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കി.
രാഹുൽ ശശിയുടെ വ്യക്തിപരമായ യാത്രയും ശ്രദ്ധേയമാണ്. സൈബർ സെക്യൂരിറ്റിയോടുള്ള താത്പര്യത്തെ തുടർന്ന് കോളേജ് പഠനം ഉപേക്ഷിച്ച അദ്ദേഹം 27ലധികം രാജ്യങ്ങളിൽ സ്പീക്കറായി പങ്കെടുത്തിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ലെൻഡിംഗ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയായിരുന്ന അദ്ദേഹം, സിട്രിക്സ്, ഐസൈറ്റ് എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച അനുഭവത്തിനുശേഷമാണ് ക്ലൗഡ്സെക്ക് സ്ഥാപിച്ചത്. നിലവിൽ ക്ലൗഡ്സെക്കിന്റെ വിഷൻ, സംസ്കാരം, ഉൽപ്പന്ന വികസനം എന്നിവക്ക് നേതൃത്വം നൽകുന്നത് രാഹുൽ ശശിയാണ്.
യുഎസിലെ പ്രവർത്തനം വിപുലീകരിക്കാനാണ് ഫണ്ടിങ് വിനിയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിൽ ഉത്തരവാദിത്തത്തോടെ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, അതോടൊപ്പം ഇന്ത്യയിൽ നിന്ന് ലോകത്തിനായി ലോകോത്തര സൈബർ സുരക്ഷാ പരിഹാരങ്ങൾ നിർമ്മിക്കും. നിലവിൽ 5 പേരാണ് കമ്പനിക്കു വേണ്ടി യുഎസിൽ ജോലി ചെയ്യുന്നത്. അടുത്ത ഒന്നര വർഷത്തിനകം 20 പേരുടെ സംഘമാക്കി വളർത്തും. നിലവിൽ യുഎസിൽ 20 കമ്പനികൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഇത് 200 ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015ലാണ് സൈബർ സുരക്ഷാ വിദഗ്ധനായ രാഹുൽ ശശി ക്ലൗഡ്സെക്ക് സ്ഥാപിക്കുന്നത്. വിവിധ മേഖലകളിലെ മുന്നൂറോളം കമ്പനികൾക്ക് നിലവിൽ ക്ലൗഡ്സെക്ക് തങ്ങളുടെ സേവനം നൽകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തോടെ സൈബർ ഭീഷണികളെ പ്രവചിക്കാൻ കഴിയുന്ന സേവനമാണ് ക്ലൗഡ്സെക്കിന്റേത്. നേരത്തേ, സീരീസ് ബി1 റൗണ്ടിൽ 19 മില്യൺ ഡോളറിൻറെ (ഏകദേശം 170 കോടി രൂപ) നിക്ഷേപവും ക്ലൗഡ്സെക്ക് സ്വന്തമാക്കിയിരുന്നു. 200 മില്യൺ ഡോളറിൻറെ (ഏകദേശം 1,800 കോടി രൂപ) മൂല്യം കണക്കാക്കി ഇതുവരെ 39 മില്യൺ ഡോളറാണ് (ഏകദേശം 350 കോടി രൂപ) കമ്പനി ആകെ സമാഹരിച്ചത്.
CloudSEK, founded by Malayali entrepreneur Rahul Sashi, secures $10 million investment from the US State of Connecticut. Discover the inspiring journey of this Indian cyber security firm.
