കൊച്ചി മേക്കർ വില്ലേജിൽ നിന്ന് കേരളത്തിന്റെ കാർഷിക മേഖലയെ തന്നെ മാറ്റിമറിക്കുന്ന അഗ്രിടെക് സ്റ്റാർട്ടപ്പാണ് ഫ്യൂസലേജ് ഇന്നൊവേഷൻസ് (Fuselage Innovations). കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ ദേശീയ തലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ്സ് 5.0ൽ ആസ്പയർ അവാർഡ് കരസ്ഥമാക്കിയാണ് ഫ്യൂസലേജ് ഇന്നൊവേഷൻസ് കേരളത്തിന് അഭിമാനമാകുന്നത്. രാജ്യത്തെ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള നവീന സംരംഭങ്ങളെ അംഗീകരിക്കുന്നതാണ് ആസ്പയർ അവാർഡ്. വലിയ മെട്രോ നഗരങ്ങൾക്ക് പുറത്തും ശക്തമായ സംരംഭകത്വം വളരുന്നുവെന്നതിന്റെ തെളിവായി ഫ്യൂസലേജ് ഇന്നൊവേഷൻസിന്റെ നേട്ടം മാറുകയാണ്.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ ഭാഗമായാണ് NSA 5.0 സംഘടിപ്പിച്ചത്. നാഷണൽ സ്റ്റാർട്ടപ്പ് ഡേ 2026ന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്റ്റാർട്ടപ്പ് സംരംഭകരുമായി സംവദിച്ചു. വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലും ചടങ്ങിൽ പങ്കെടുത്തു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പത്താം വാർഷികമാണെന്ന പ്രത്യേകതയും ഇത്തവണത്തെ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിനുണ്ടായിരുന്നു. അവാർഡ് വേദിയിൽ, ഫ്യൂസലേജ് ഇന്നൊവേഷൻസ് ഡയറക്ടർ ദേവിക ചന്ദ്രശേഖരൻ, മാനേജിങ് ഡയറക്ടർ ദേവൻ ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് മന്ത്രി പീയുഷ് ഗോയലിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, കൃഷിയും സാങ്കേതികവിദ്യയും ചേർന്ന തന്റെ സംരംഭക യാത്ര ദേവിക വിശദീകരിച്ചു.
കൃഷിയുമായി അടുപ്പമുള്ള കുടുംബത്തിൽ നിന്നാണ് എത്തുന്നതെന്ന് പറഞ്ഞ ദേവിക, അമ്മയും സഹോദരനും ഉൾപ്പെടുന്ന ചെറിയ കുടുംബം കൃഷിയെ ഒരു തൊഴിൽമാത്രമല്ല, ജീവിതരീതിയായാണ് കണ്ടതെന്നും വ്യക്തമാക്കി. ഭൂമിയെ ആദരിക്കുക, കഠിനമായി പ്രവർത്തിക്കുക, ഫലത്തിൽ വിശ്വസിക്കുക – ഇതായിരുന്നു ഞങ്ങളുടെ കൃഷിദർശനം. സംരംഭകത്വം ഒരിക്കലും സ്വപ്നമായിരുന്നില്ലെന്നും, സ്ഥിരതയും വിദ്യാഭ്യാസവുമായിരുന്നു കുടുംബത്തിന്റെ മുൻഗണനയെന്നും അവർ പറഞ്ഞു. എന്നാൽ 2017–18 കാലഘട്ടത്തിൽ കേരളം നേരിട്ട മഹാപ്രളയം ജീവിതത്തിന്റെ ദിശ തന്നെ മാറ്റി. പ്രളയം കൃഷിയിടങ്ങളെ തകർത്തതോടെ, കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സഹോദരനൊപ്പം പഠനം ആരംഭിച്ചു. കൃഷിനാശവും വിളചികിത്സാ രീതികളിലെ അപാകതകളുമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് തിരിച്ചറിഞ്ഞതോടെ സാങ്കേതിക പരിഹാരവുമായി മുന്നോട്ട് വരാനുള്ള തീരുമാനത്തിലെത്തി.
എയ്റോനോട്ടിക്കൽ എഞ്ചിനീയറായ ദേവൻ ചന്ദ്രശേഖരൻ സാങ്കേതിക ദിശ നയിച്ചപ്പോൾ, ഇലക്ട്രിക്കൽ എഞ്ചിനീയറായ ദേവിക നിർവഹണ ചുമതല ഏറ്റെടുത്തു. തുടർന്ന്, അക്കാലത്ത് അപൂർവമായിരുന്ന രീതിയിൽ, ‘നിരീക്ഷ്’ (Nireeksh) എന്ന വിള പരിശോധനാ ഡ്രോണും ‘ഫിയ’ (FIA) എന്ന വിളചികിത്സാ ഡ്രോണും വികസിപ്പിച്ചു. സ്വന്തം കൃഷിയിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള പരീക്ഷണങ്ങൾ കർഷകർക്ക് വലിയ മാറ്റം കൊണ്ടുവന്നു. കൃഷിചെലവ് 70 ശതമാനം വരെ കുറയുകയും വിളവിൽ 30 ശതമാനം വർധന ഉണ്ടാകുകയും ചെയ്തു. ഇത്തരത്തിൽ വിജയകരമായ പരീക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും നിക്ഷേപകരുടെ പിന്തുണ ലഭിക്കാതിരുന്നതിനാൽ, 2020ൽ ഫ്യൂസലേജ് ഇന്നൊവേഷൻസ് പൂർണമായും ബൂട്ട്സ്ട്രാപ് രീതിയിൽ ആരംഭിക്കുകയായിരുന്നു. കോവിഡ് കാലത്ത് ബാങ്കുകളടക്കം നിരവധി സ്ഥാപനങ്ങൾ പിന്തുണ നിഷേധിച്ചെങ്കിലും, സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സഹായത്തോടെ വിവിധ ഗ്രാന്റുകൾ ലഭിച്ചു. ഇത് സാമ്പത്തിക സഹായം മാത്രമല്ല, സ്ഥാപനപരമായ വിശ്വാസവും അംഗീകാരവുമായിരുന്നുവെന്ന് ദേവിക പറഞ്ഞു.
ഇന്ന് കൊച്ചിയിലെ മേക്കർ വില്ലേജിലും കേരള സ്റ്റാർട്ടപ്പ് മിഷൻ സംവിധാനങ്ങളിലും പ്രവർത്തിക്കുന്ന ഫ്യൂസലേജ് ഇന്നൊവേഷൻസ്, കൃഷി, പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾക്കായി DGCA സർട്ടിഫൈഡ് ഡ്രോണുകൾ വികസിപ്പിച്ചുവരികയാണ്. 10 ലക്ഷം രൂപയുടെ ആരംഭമൂലധനത്തിൽ തുടങ്ങിയ സംരംഭം ഇന്ന് 10 കോടി രൂപ മൂല്യമുള്ള സ്ഥാപനമായി വളർന്നുവെന്നും, 40 അംഗ പ്രാവീണ്യമുള്ള സംഘമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം 10,000ലധികം കർഷകരുമായി കമ്പനി ഇന്ന് സഹകരിക്കുന്നുണ്ട്. കേരളം, തമിഴ്നാട്, കർണാടക, മിസോറാം, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാന പ്രവർത്തനം. കൂടാതെ ആഫ്രിക്ക, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്ക് ഡ്രോണുകൾ കയറ്റുമതി ചെയ്യുന്നതായും ദേവിക വ്യക്തമാക്കി.
ഹാർഡ്വെയർ സ്റ്റാർട്ടപ്പുകൾ വളർത്തിയെടുക്കുന്നതും ശരിയായ നിക്ഷേപം കണ്ടെത്തുന്നതുമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ദേവിക പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൃഷി-സമുദ്ര പ്രവർത്തനങ്ങൾക്കായി 10,000 ഡ്രോണുകൾ വിന്യസിക്കുകയാണ് ലക്ഷ്യം. ഗ്രാസ്റൂട്ട് തലത്തിൽ നിന്നുള്ള നവീകരണങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന വിശ്വാസമാണ് പ്രധാനമന്ത്രിയുടെ ദർശനം ഫ്യൂസലേജ് ഇന്നൊവേഷൻസിന് നൽകിയതെന്നും, വികസിത ഭാരത് 2047 യാഥാർത്ഥ്യമാകുന്നത് യഥാർത്ഥ പ്രശ്നങ്ങളോട് ചേർന്ന് നിൽക്കുന്ന സംരംഭകരിലൂടെയാകുമെന്നും അവർ പറഞ്ഞു
Kochi-based Fuselage Innovations bags the prestigious Aspire Award at National Startup Awards 2026. Led by Devika Chandrasekharan, this agri-tech startup is revolutionizing farming with DGCA-certified drones and sustainable technology