തിരക്കും ബഹളവും നിറഞ്ഞ ജീവിതത്തിൽ ഒന്ന് ശാന്തമാകാൻ അനുയോജ്യമായ ഇടമാണ് കടമക്കുടി. വേമ്പനാട്ടു കായലിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന കടമക്കുടി ദ്വീപുകൾ കായൽഞണ്ടുകളും ചെമ്മീൻകെട്ടുകളും പൊക്കാളിപ്പാടങ്ങളും കൊണ്ട് സമ്പന്നമാണ്. അടുത്തിടെ കടമക്കുടിയുടെ ഒരു ഡ്രോൺ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ദ്വീപുകളെ മുറിച്ച് കടന്നുപോകുന്ന കനാലുകളും വ്യാപിച്ചു കിടക്കുന്ന നെൽപ്പാടങ്ങളുമെല്ലാം വീഡിയോ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.
ഒരുകാലത്ത്, ദ്വീപുകൾ പ്രധാനമായും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നതിനാൽ, പുറംലോകവുമായി ബന്ധപ്പെടാൻ നാട്ടുകാർ ബോട്ടുകളേയും വഞ്ചികളേയും ആശ്രയിച്ചിരുന്നു. പിന്നീട് റോഡ് സൗകര്യം വികസിച്ചതോടെ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ഗണ്യമായി വർധിച്ചു. വലിയ കടമക്കുടി, മുറിക്കൽ, പാളയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. ഇവയിൽ വലിയ കടമക്കുടിയാണ് പ്രധാന ദ്വീപായി കണക്കാക്കപ്പെടുന്നത്.
അതിമനോഹരമായ ഉദയാസ്തമയക്കാഴ്ചകളാണ് കടമക്കുടിയുടെ പ്രധാന സവിശേഷത. വലിയ കടമക്കുടിയും ചെറിയ കടമക്കുടിയും ഉദയാസ്തമയക്കാഴ്ചയ്ക്ക് പേരുകേട്ട ദ്വീപുകളാണ്. ഇവ കാണാനെത്തുന്ന സഞ്ചാരികൾക്കായി ഇവിടെ നിരവധി ഏറുമാടങ്ങളും ഒരുക്കിയിട്ടുണ്ട്. കായലിലൂടെയുള്ള ബോട്ട് യാത്ര, പൊക്കാളിപ്പാടങ്ങൾ, ദേശാടനപ്പക്ഷിനിരീക്ഷണം, Fishing എന്നിവയാണ് പ്രധാന ആക്ടിവിറ്റികൾ. ഇതിനു പുറമേ, നാടൻ സീഫുഡ് ലഭിക്കുന്ന നിരവധി ഫുഡ് സ്‌പോട്ടുകൾ ഭക്ഷണപ്രേമികളേയും കടമക്കുടിയിലേക്ക് ആകർഷിക്കുന്നു.
കടമക്കുടിയിലേക്കെത്താൻ
കാർ / ബൈക്ക് വഴി:
ഇടപ്പള്ളി അല്ലെങ്കിൽ കൊച്ചി ഭാഗത്ത് നിന്ന് NH 66 വഴി വടക്കൻ പറവൂരിലേക്ക് യാത്ര ചെയ്ത് വരാപ്പുഴ പാലം കടന്ന് വലിയ കടമക്കുടി മെയിൻ റോഡിലേ്കെത്താം. അതല്ലെങ്കിൽ, ഇടപ്പള്ളി അല്ലെങ്കിൽ ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് കണ്ടെയ്നർ റോഡ് (NH 966A) വഴി മൂലമ്പിള്ളി ബസ് സ്റ്റോപ്പിന് സമീപമുള്ള സർവീസ് റോഡിലൂടെയും ദ്വീപുകളിലെത്താം.
യാത്രാസമയം: കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 30–45 മിനിറ്റ്.
പൊതു ഗതാഗതം:
വൈറ്റില മൊബിലിറ്റി ഹബ് അല്ലെങ്കിൽ എറണാകുളം ഭാഗങ്ങളിൽ നിന്ന് കടമക്കുടിയിലേക്ക് നേരിട്ടുള്ള ബസുകൾ കുറവാണ്. വടക്കൻ പറവൂർ അല്ലെങ്കിൽ ഗുരുവായൂർ ഭാഗത്തേക്ക്, വരാപ്പുഴ വഴി പോകുന്ന ബസുകളിൽ യാത്ര ചെയ്ത്, അവസാന 3 കിലോമീറ്റർ ഓട്ടോറിക്ഷയിലോ ടാക്സിയിലോ വരാം. കൊച്ചി മെട്രോ വഴി ചങ്ങമ്പുഴ നഗർ സ്റ്റേഷനിൽ ഇറങ്ങി ടാക്സി പിടിച്ചും കടമക്കുടിയിലെത്താം.
ഫെറി വഴി:
എറണാകുളം ഹൈക്കോടതി ജെട്ടിയിൽ നിന്ന് പിഴലയിലേക്കുള്ള ബോട്ടിൽ യാത്ര ചെയ്ത്, അവിടെ നിന്ന് മറ്റൊരു ഫെറിയിലൂടെ ദ്വീപുകളിലേക്ക് എത്താനാകും.
Discover the viral beauty of Kadamakkudy! From stunning drone views of Pokkali fields to serene sunsets and authentic seafood, learn why this cluster of 14 islands is the perfect weekend escape from Kochi.
