ഗാസയ്ക്കായി രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന “സമാധാന ബോർഡിന്റെ” ഭാഗമാകാൻ ഇന്ത്യയെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാർത്താ ഏജൻസിയായ ANI ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗാസ സംരംഭത്തിൽ പ്രധാന ആഗോള പങ്കാളികളെ ഉൾപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ ഉദ്ദേശ്യം എടുത്തുകാണിച്ചുകൊണ്ട്, ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് അറിയിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും വ്യക്തമാക്കി.

ഗാസയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്ന സമാധാന ബോർഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ച വിവരം അഭിമാനത്തോടെ അറിയിക്കുന്നു. സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിന് ഫലപ്രദമായ ഭരണത്തെ ബോർഡ് പിന്തുണയ്ക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ ഗോർ പറഞ്ഞു. ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് പിന്നാലെ ഗാസയിലെ സമാധാന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായാണ് ഇത്തരമൊരു ബോർഡ് രൂപീകരിച്ചിരിക്കുന്നത്. യുഎസ് പിന്തുണയുള്ള സമാധാന പദ്ധതിയുടെ ഭാഗമായാണിത്. ഗാസയിൽ പുതിയ പലസ്തീൻ കമ്മിറ്റി സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുക, മേഖലയിൽ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. ഇതിനുപുറമേ ഹമാസിനെ നിരായുധീകരിക്കുക, യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക മുതലായവയുടെ മേൽനോട്ടവും ബോർഡ് ലക്ഷ്യമിടുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
US President Donald Trump has invited PM Narendra Modi to join the newly formed ‘Gaza Peace Board’. The initiative aims to oversee Gaza’s reconstruction, manage international security forces, and ensure lasting peace in the region.
