ഇന്ത്യയുടെ സമുദ്രചരിത്ര പാരമ്പര്യത്തിന്റെ സ്മരണയ്ക്കായുള്ള നാവികസേനയുടെ പായ്ക്കപ്പലാണ് ഐഎൻഎസ്വി കൗണ്ഡിന്യ (INSV Kaundinya). പ്രതീകാത്മക ദൗത്യത്തിന്റെ ഭാഗമായി ഡിസംബറിൽ കൗണ്ഡിന്യ ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്ക് യാത്ര തിരിച്ചിരുന്നു. മസ്കത്ത് മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കൗണ്ഡിന്യയെ ഇന്ത്യയുടെ തുറമുഖം, ഷിപ്പിങ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പരമ്പരാഗത ഒമാനി വള്ളങ്ങളുടെ അകമ്പടിയോടെ വാട്ടർ സലൂട്ട് നൽകിയായിരുന്നു സ്വീകരണം.

ഇന്ത്യയും ഇന്ത്യൻ മഹാസമുദ്ര മേഖലയുമായുള്ള പുരാതന കടൽമാർഗങ്ങൾ “പ്രതീകാത്മകമായി പുനരാവിഷ്കരിക്കുക” എന്ന ലക്ഷ്യത്തോടെയായിരുന്നു ഐഎൻഎസ് കൗണ്ഡിന്യയുടെ യാത്ര. ഒന്നാം സഹസ്രാബ്ദത്തിൽ ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിൽ ഉപയോഗിച്ചിരുന്ന ‘സ്റ്റിച്ച്ഡ് ഷിപ്പ്’ സാങ്കേതിക വിദ്യയിലാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. അജന്ത ഗുഹാചിത്രങ്ങളിൽ കാണുന്ന കപ്പലിൽ നിന്നും പ്രചോദനമുൾക്കൊണ്ടു. ആധുനിക ആണികളോ ലോഹബന്ധനങ്ങളോ ഉപയോഗിക്കാതെ, പുരാതന ഇന്ത്യൻ കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്.
ഗോവയിൽ നിർമിച്ച കൗണ്ടിന്യ പരമ്പരാഗത അറിവുസമ്പ്രദായങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം സഞ്ജീവ് സന്യാൽ നയിക്കുന്ന ഈ സംരംഭം പുരാതന ഇന്ത്യൻ കപ്പൽ നിർമ്മാണ വൈദഗ്ധ്യം പരീക്ഷണാടിസ്ഥാനത്തിൽ തെളിയിക്കുകയാണ് ലക്ഷ്യമിടുന്നത്. പുരാതന ഇന്ത്യൻ സ്റ്റിച്ച്ഡ് കപ്പലുകൾ സമുദ്രം കടക്കാൻ കഴിവുള്ളവയാണെന്ന് ഈ ദൗത്യം തെളിയിച്ചതായി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കളും കപ്പൽയാത്രയെ ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന്റെ ഉദാഹരണമായി വിശേഷിപ്പിച്ചു. ഇന്ത്യയുടെ അവഗണിക്കപ്പെട്ട സമുദ്രചരിത്രത്തെ പൊതുചർച്ചയിലേക്ക് കൊണ്ടുവരുന്നതിൽ കൗണ്ടിന്യ യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
INSV Kaundinya, a unique ‘stitched ship’ built with ancient Indian technology, successfully retraced historic trade routes from Porbandar to Muscat, reviving India’s rich maritime legacy and traditional shipbuilding expertise.
