റഷ്യയിൽനിന്നുള്ള എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാം സ്ക്വാഡ്രൺ 2026 മെയ് അവസാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറും. റഷ്യൻ പ്രതിരോധ വൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദക്ഷിണേഷ്യയിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ, ദീർഘദൂര വ്യോമ-മിസൈൽ പ്രതിരോധം ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിലെ കേന്ദ്രഘടകമാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. റഷ്യ–ഉക്രൈൻ യുദ്ധവും പാശ്ചാത്യ ഉപരോധങ്ങളും കാരണമുണ്ടായ വിതരണപ്രശ്നങ്ങൾക്കിടയിലും, ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം തുടരാനുള്ള മോസ്കോയുടെ ഉറച്ച നിലപാടാണ് ഈ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യ–റഷ്യ പ്രതിരോധബന്ധങ്ങളുടെ തുടർച്ചയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എക്സ് പ്ലാറ്റ്ഫോമിൽ പരാമർശം നടത്തിയതിനു പിന്നാലെയാണ് പുതുക്കിയ വിതരണ ടൈംലൈൻ സ്ഥിരീകരിച്ചത്. 2026ൽ നാലാം സ്ക്വാഡ്രണും 2027ൽ അഞ്ചാമത്തേതും ഇന്ത്യയിലെത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2025 മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽനിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ചെറുക്കുന്നതിൽ എസ്–400 സംവിധാനം വലിയ പങ്കുവഹിച്ചിരുന്നു. ഏകദേശം 5.43 ബില്യൺ ഡോളർ (ഏകദേശം ₹45,000 കോടി) മൂല്യമുള്ള എസ്-400 പദ്ധതി ഇന്ത്യയുടെ ഏറ്റവും നിർണായകമായ പ്രതിരോധ നിക്ഷേപങ്ങളിലൊന്നാണ്. നാലാം സ്ക്വാഡ്രൺ കൈമാറുന്നതോടെ, ഇന്ത്യയുടെ പടിഞ്ഞാറും വടക്കുമുള്ള അതിർത്തികളിലും ഇന്തോ പസഫിക്കിലും ദീർഘദൂര വ്യോമപ്രതിരോധ ശേഷി കൂടുതൽ ശക്തമാകും.
2018ലാണ് എസ്–400 സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവെച്ചത്. അഞ്ച് യൂണിറ്റുകൾക്ക് 500 കോടി ഡോളറാണ് അന്ന് നൽകിയത്. ഇതിൽ മൂന്ന് യൂണിറ്റുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. റഷ്യയിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് യുഎസിന്റെ ഉപരോധ ഭീഷണിക്ക് കാരണമായെങ്കിലും ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ കരാറുമായി മുന്നോട്ടുപോയത്.
Russia to deliver the fourth squadron of S-400 Triumf air defense system to India by May 2026. This $5.43 billion deal strengthens India’s air defense against long-range threats.
