കേരളത്തിൽ നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനുമാണ് പ്രധാനമന്ത്രി ഈ ആഴ്ച ഫ്ലാഗ് ഓഫ് ചെയ്യുക. ജനുവരി 23ന് തിരുവനന്തപുരം സന്ദർശന വേളയിലാകും ഫ്ലാഗ് ഓഫ്. നാഗർകോവിൽ-മംഗലാപുരം, തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ചർലപ്പള്ളി (ഹൈദരാബാദ്) എന്നീ അമൃത് ഭാരത് എക്‌സ്പ്രസ്സുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമാണ് ഫ്ലാഗ് ഓഫ് ചെയ്യുക.
പ്രതിവാര സർവീസായാണ് അമൃത് ഭാരത് എക്‌സ്പ്രസുകൾ എത്തുന്നത്. ഈ ട്രെയിനുകളുടെ സമയക്രമം നേരത്തേ റെയിൽവേ പുറത്തുവിട്ടിരുന്നു. നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള അമൃത് ഭാരത് (ട്രെയിൻ നമ്പർ 16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330) മംഗളൂരു ജംഗ്ഷനിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര. ഗുരുവായൂർ-തൃശൂർ പാസഞ്ചർ ട്രെയിൻ മെമു സർവീസായിരിക്കുമെന്നും റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. താംബരം-തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40ന് പുറപ്പെട്ട് അന്നു രാത്രി 11.45ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയാണ് യാത്ര.
ഹൈദരാബാദ്-തിരുവനന്തപുരം ട്രെയിൻ (17041) ചർലപ്പള്ളിയിൽനിന്ന് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042) ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപേട്ട, ഗുണ്ടൂർ, നൽഗൊണ്ട വഴിയാണ് യാത്ര. പാസഞ്ചർ ട്രെയിൻ തൃശ്ശൂരിനും ഗുരുവായൂരിനും ഇടയിൽ ദിവസവും സർവീസ് നടത്തും.
വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായ എല്ലാ സവിശേഷതകളും അമൃത് ഭാരത് ട്രെയിനുകളിലുമുണ്ടാകും. 1,800ൽ അധികം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന നോൺ-എസി ട്രെയിനുകൾക്ക് മണിക്കൂറിൽ 130 കിലോമീറ്ററിൽ കൂടുതൽ വേഗതയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
PM Narendra Modi will flag off three new Amrit Bharat Express trains and a MEMU service in Kerala on January 23. Check the routes, timings, and features of these 130 kmph high-speed non-AC trains.
