2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ റോഡ് മേഖലയിലെ ബജറ്റ് വിഹിതം ₹2.8 ലക്ഷം കോടിയായിരുന്നു. 2025–26ലും ഇത് ഉയർന്ന നിലയിൽ തുടരുമെന്നുമാണ് സൂചന. ഇതുവരെ വികസനം പ്രധാനമായും വ്യാപ്തിയിലായിരുന്നു. എന്നാൽ ഇനി ഗുണനിലവാരത്തിൽ ഊന്നൽ നൽകണമെന്ന് അഭിപ്രായപ്പെടുകയാണ് ഗതാഗത രംഗത്തെ വിദഗ്ധരായ മനീഷ് ശർമ, ദേവയാൻ ഡേ എന്നിവർ. ദീർഘകാല ആസ്തി സംരക്ഷണം, വേഗത്തിലുള്ള പൂർത്തീകരണം, വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം, ധനസ്രോതസ്സുകളുടെ വൈവിധ്യം എന്നിവയ്ക്ക് മുൻഗണന നൽകേണ്ട സമയമാണിതെന്ന് ഇക്കണോമിക് ടൈംസിലെ ബജറ്റുമായി ബന്ധപ്പെട്ട ലേഖനത്തിൽ ഇരുവരും പറഞ്ഞു.

വരാനിരിക്കുന്ന ബജറ്റിൽ, റോഡ് നിർമ്മാണത്തിലെ ഗുണനിലവാരം ഉയർത്തുന്നതിനായി മനുഷ്യവിഭവശേഷിയിലും യന്ത്രവൽക്കരണത്തിലും കൂടുതൽ നിക്ഷേപം ആവശ്യമാണ്. സാങ്കേതിക മാനദണ്ഡങ്ങളും കർശനമായ കരാർ വ്യവസ്ഥകളും മാത്രം മതിയാകില്ല; പരിശീലനം ലഭിച്ച തൊഴിലാളികളും ആധുനിക നിർമ്മാണ സാങ്കേതിക വിദ്യകളും നിർണായകമാകും. അതോടൊപ്പം, ഇന്ത്യയിൽ പരമ്പരാഗതമായ ‘നിർമിക്കുക–അവഗണിക്കുക–വീണ്ടും നിർമ്മിക്കുക’ മാതൃകയിൽ നിന്ന് മാറി, പരിപാലന ചെലവുകൾക്ക് (OpEx) കൂടുതൽ പ്രാധാന്യം നൽകണമെന്നും നിർദേശിക്കുന്നു. 2030-ഓടെ ദേശീയപാത പദ്ധതികളിലെ മൊത്തം ചെലവിന്റെ 20–25 ശതമാനം പരിപാലനത്തിനായി മാറ്റിവെക്കുന്നത് ദീർഘകാല ചെലവ് കുറയ്ക്കുകയും പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഭാരതമാല പരിയോജന പോലുള്ള വലിയ പദ്ധതികളിൽ നിർമാണം പൂർത്തിയാക്കലിനാണ് ഇനി കൂടുതൽ ഊന്നൽ നൽകേണ്ടത്. 80 ശതമാനത്തിലധികം പൂർത്തിയായ പദ്ധതികൾക്ക് മുൻഗണന നൽകി വേഗത്തിലാക്കൽ, ഭൂമി ഏറ്റെടുക്കൽ–അനുമതി നടപടികൾ ലളിതമാക്കൽ എന്നിവ നിർണായകമാണ്. കൂടാതെ, L1 (കുറഞ്ഞ വില) ടെൻഡർ സംവിധാനത്തിൽ പരിഷ്കരണം വരുത്തി, വിലക്കാൾ മൂല്യത്തെയും ദീർഘകാല സ്ഥിരതയെയും മുൻനിർത്തിയുള്ള വാങ്ങൽ സംവിധാനത്തിലേക്ക് നീങ്ങണമെന്ന ആവശ്യവും ഉയരുന്നു. ബാങ്കുകളെ ആശ്രയിക്കുന്ന നിലവിലെ ധനവിനിമയ മാതൃകയ്ക്ക് പകരം ഗ്യാരന്റി, ഇൻഷുറൻസ്, ക്രെഡിറ്റ് എന്ഹാൻസ്മെന്റ് തുടങ്ങിയ പുതിയ ധനകാര്യ ഉപകരണങ്ങൾ പ്രോത്സാഹിപ്പിച്ചാൽ, ആഭ്യന്തരവും അന്താരാഷ്ട്രവുമായ നിക്ഷേപങ്ങൾ കൂടുതൽ ആകർഷിക്കാനാകുമെന്നും ലേഖനം അഭിപ്രായപ്പെടുന്നു.
As India’s road sector spending exceeds ₹2.8 lakh crore, the Union Budget 2026 is expected to prioritize asset longevity, maintenance (OpEx), and advanced construction quality over mere expansion.
