കേന്ദ്ര ഗവൺമെന്റ് നടത്തുന്ന AI Impact Summit 2026ന് മുന്നോടിയായി സംസ്ഥാന സർക്കാർ ‘കേരള AI ഫ്യൂച്ചർ കോൺ’ എന്ന ഏകദിന എഐ ഉച്ചകോടി സംഘടിപ്പിക്കും. ജനുവരി 23ന് കോവളത്താണ് പരിപാടി സംഘടിപ്പിക്കുക. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആഗോള ടെക് കമ്പനികളും പങ്കെടുക്കുന്ന എഐ ഇംപാട്ക്നു സമ്മിറ്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സമ്മേളനം. കേരള സർക്കാരിന്റെ ഐടി വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഐടി മിഷൻ ഏകോപിപ്പിക്കുന്ന പ്രാദേശിക എഐ ഉച്ചകോടിയാണ് കേരള എഐ ഫ്യൂച്ചർ കോൺ.

കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സിഡിറ്റ്, ഐസിഫോസ്സ് എന്നിവയാണ് സമ്മേളനത്തിന്റെ മറ്റ് ഔദ്യോഗിക പങ്കാളികൾ. ഭരണനിർവഹണം, സാമ്പത്തിക വളർച്ച, ഡിജിറ്റൽ നവീകരണം, സാമൂഹിക വികസനം, സുരക്ഷ, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനവും ഭാവിദിശയുമാണ് ഫെബ്രുവരി 19, 20 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ ചർച്ച ചെയ്യുക.

ജനുവരി 23ന് നടക്കുന്ന കേരള AI ഫ്യൂച്ചർ കോൺ, ഭരണപരവും സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ എഐ സാങ്കേതികവിദ്യയുടെ പ്രയോഗം വിശദമായി വിലയിരുത്തുന്ന വേദിയാകും. ഭരണനിർവഹണവും പൊതുസേവന വിതരണവും, വ്യവസായ വികസനവും സാമ്പത്തിക വളർച്ചയും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ, നൈപുണ്യ വികസനം, സുസ്ഥിര വികസനം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യ എഐ മിഷൻ ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, നയരൂപകർ, സാങ്കേതിക വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, അക്കാഡമിക്-വ്യവസായ മേഖലകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം എഐ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. കേരള എഐ ഫ്യൂച്ചർ കോണിൽ ഉയരുന്ന ചർച്ചകളും നിർദേശങ്ങളും ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന AI Impact Summit 2026ലേക്കുള്ള കേരളത്തിന്റെ സംഭാവനയായി മാറുമെന്ന് സർക്കാർ വ്യക്തമാക്കി.
CM Pinarayi Vijayan will inaugurate the ‘Kerala AI Future Con’ on Jan 23 in Kovalam. This regional summit serves as Kerala’s primary contribution to the upcoming Central Govt AI Impact Summit 2026 in Delhi.
