സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 3,87,999 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 26,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3.75 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. സൂക്ഷ്മ – ഇടത്തരം വ്യവസായങ്ങളുടെ മേഖലയില്‍ മാത്രം 3 ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 16,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യുവജനങ്ങൾക്ക് വേണ്ടിയുള്ള തൊഴിൽ നൈപുണ്യ ധനസഹായ പദ്ധതിയായ കണക്ട് ടു വര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 7,500 കടന്നിരിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിങിലൂടെ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സ്റ്റാര്‍ട്ടപ്പ് നയത്തിന്റെ ഗുണഫലങ്ങള്‍ യുവജനങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നു എന്നുറപ്പുവരുത്താന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്നത് കൂടിയാകും ഈ പദ്ധതി എന്ന് പ്രതീക്ഷിക്കുനന്തായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പഠനം കഴിഞ്ഞതിനുശേഷമുള്ള നൈപുണ്യപരിശീലന സമയത്തോ അല്ലെങ്കില്‍ മത്സരപരീക്ഷാ പരിശീലന സമയത്തോ യുവജനങ്ങൾക്ക് ധനസഹായം നല്‍കുക എന്നുള്ളതാണ് കണക്ട് ടു വര്‍ക്ക് പദ്ധതി പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പരമാവധി ഒരു വര്‍ഷത്തേക്ക് ആയിരം രൂപ പ്രതിമാസം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്ലസ് ടു, വി എച്ച് എസ് ഇ, ഡിപ്ലോമ, ഐ ടി ഐ, ഡിഗ്രി, പഠനം പൂര്‍ത്തിയാക്കിയ 5 ലക്ഷത്തില്‍ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിലെ യുവതീ-യുവാക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എംപ്ലോയ്മെന്റ് വകുപ്പിന്റെ വെബ്സൈറ്റിലുള്ള ഓണ്‍ലൈന്‍ അപേക്ഷ വഴി യുവാക്കള്‍ക്ക് കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ തന്നെ 30,000 ത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
ഒരു പദ്ധതിയുടെ ഉദ്ഘാടനം എന്നതിലുപരി യുവജനങ്ങളെ ഉത്പാദനമേഖലയുമായി ബന്ധപ്പെടുത്തുന്ന ഒരു പദ്ധതി കൂടിയാണിത് . പഠനത്തിനു ശേഷം തൊഴില്‍ അന്വേഷണം എന്ന രീതിയില്‍ നിന്നും മാറി പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ വികസനവും എന്ന കാഴ്ചപ്പാടിലേക്ക് കുട്ടികള്‍ എത്തിച്ചേര്‍ന്നു. അതിനായി നടത്തിയ ഇടപെടലുകളുടെ തുടര്ച്ചയാണ്കണക്ട് ടു വര്‍ക്ക് പദ്ധതി .
കണക്ട് ടു വര്‍ക്ക് എന്ന ആശയം മുന്നോട്ടുവെക്കുമ്പോള്‍ തന്നെ അതിനൊരു മറുപുറം കൂടിയുണ്ടല്ലോ എന്ന് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. കണക്ട് ചെയ്യാനാവശ്യമായ വര്‍ക്കുകള്‍ ഉണ്ടാവുക എന്നത്, അതിനാവശ്യമായ ഉത്പാദന വര്‍ദ്ധനവ് ഉണ്ടാവുക എന്നത്. ആ നിലയ്ക്കുള്ള ഇടപെടലുകളും നടത്തിവരുന്നുണ്ട്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴിൽ ലഭ്യമാക്കാനും, നവലോകത്തിന് അനുസൃതമായ തൊഴിലുകള്‍ക്കുവേണ്ടി അവരെ പ്രാപ്തരാക്കാനും നൈപുണ്യപരിശീലനം നല്‍കേണ്ടതുണ്ട്. അതിനുള്ള നൂതന പരിപാടിയായി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടിയാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്.
തൊഴില്‍മേളകളിലൂടെ തൊഴില്‍ നല്കല്, നൈപുണ്യ പരിശീലനത്തിലൂടെ യുവജനങ്ങളെ തൊഴില്‍ സജ്ജരാക്കല്‍, ഹൈപ്പര്‍ ലോക്കല്‍ തൊഴിലുകള്‍ കണ്ടെത്തി വനിതകള്‍ക്ക് ജോലി നല്കല്, സുതാര്യമായ വഴികളിലൂടെ വിദേശ ജോലികളുമായി യുവജനങ്ങളെ ബന്ധിപ്പിക്കല്‍ എന്നിങ്ങനെ നാല് ട്രാക്കുകളിലായാണ് വിജ്ഞാന കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള നമ്മുടെ സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തില്‍ വലിയ പ്രാധാന്യമാണ് വിജ്ഞാന കേരളം പരിപാടിക്കുള്ളത്. 35 ലക്ഷത്തോളം വരുന്ന അഭ്യസ്തവിദ്യര്‍ക്ക് നൈപുണ്യപരിശീലനം നല്കി, അവരില്‍ നിന്ന് ചുരുങ്ങിയത് 20 ലക്ഷം പേര്‍ക്കെങ്കിലും നൂതന തൊഴിലുകള്‍ ലഭ്യമാക്കുക എന്നതാണ് നോളജ് എക്കോണമി മിഷന്റെ ലക്ഷ്യം. അത്തരം പദ്ധതികളിലേക്ക് കൂടുതല്‍ അന്വേഷകരെ ആകര്ഷിച്ചെത്തിക്കുവാന് ഉതകുന്നതാവും കണക്ട് ടു വര്‍ക്ക് പദ്ധതിയും. സംസ്ഥാനത്താകെ എം എസ് എം ഇകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതും എല്ലാം അതിന്റെ ഭാഗമായാണ്.
Chief Minister Pinarayi Vijayan inaugurates ‘Connect to Work’, a scheme providing monthly financial assistance and skill development support for Kerala’s youth to bridge the gap between education and employment.
