മലയാളികളുടെ സ്വന്തം കപ്പ വറുത്തതിനേയും ബനാന ചിപ്സിനെയും ഒരു ബ്രാൻഡാക്കി മാറ്റിയ സംരംഭകനാണ് കാപ്പോ ഫുഡ്സ് (Kappo Foods) സ്ഥാപകനും സിഇഒയുമായ ജോസ് അലക്സ് (Jose Alex). തന്റെ സംരംഭത്തെക്കുറിച്ചും സംരംഭകയാത്രയെക്കുറിച്ചും ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് ജോസ്.

ഫാക്ടറിയിൽ നിന്ന് ബ്രാൻഡ് സൃഷ്ടിക്കുകയല്ല, ബ്രാൻഡിനായി ഫാക്ടറി സജ്ജമാക്കുകയാണ് കാപ്പോ ഫുഡ്സ് ചെയ്തത്. 2012 മുതൽ തന്നെ ഒരു ബനാന ചിപ്സ് ബ്രാൻഡ് എന്ന സ്വപ്നമുണ്ടായിരുന്നു. എന്നാൽ അന്ന് അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും ഇൻഫ്രാസ്ട്രക്ചറും ലഭ്യമല്ലായിരുന്നു. ഒരു ചിപ്സ് ബ്രാൻഡ് വിജയിപ്പിക്കാൻ പ്രൊഡക്ടിനെ പൂർണമായി മാസ്റ്റർ ചെയ്യണം എന്ന തിരിച്ചറിവാണ് തുടക്കത്തിലേ ഉണ്ടായിരുന്നത്. അന്ന് നിലവിലുണ്ടായിരുന്ന സംവിധാനങ്ങളുടെ അപര്യാപ്തത കാരണം വലിയ നിക്ഷേപം അനിവാര്യമായി. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ള മെഷീനുകൾ ഉപയോഗിച്ച് ലോകോത്തര ഉത്പന്നങ്ങൾ നിർമിക്കുക എന്നതായിരുന്നു തുടക്കകാലം മുതൽക്കേയുള്ള ലക്ഷ്യം.
എന്നാൽ തുടക്കത്തിൽ തന്നെ ആദ്യ തിരിച്ചടിയെത്തി. ഇത്തരത്തിലുള്ള സ്നാക്സുകൾ ചെറിയ പാക്കറ്റുകളിലായി ബ്രാൻഡഡ് രൂപത്തിൽ വാങ്ങാനുള്ള വിപണി അന്നുണ്ടായിരുന്നില്ല. ആളുകൾ കൂടുതലും ബൾക്കായി ചിപ്സുകൾ വാങ്ങുന്നതായിരുന്നു പതിവ്. ‘ഇത്തരത്തിലുള്ള സ്നാക്സുകൾക്ക് ബ്രാൻഡോ?’ എന്ന ചോദ്യം പോലും അന്നത്തെ ഉപഭോക്തൃ മനസ്സിൽ ഉണ്ടായിരുന്നു. ബ്രാൻഡ് ലോഞ്ച് ചെയ്യുന്ന സമയത്ത് തന്നെ അതിനാവശ്യമായ മാർക്കറ്റ് റെഡി ആയിരിക്കണം എന്നത് വലിയ തിരിച്ചറിവായിരുന്നുവെന്ന് ജോസ് പറയുന്നു. അന്നത്തെ വിപണി ബ്രാൻഡഡ് സ്നാക്സിനായി തയ്യാറായിരുന്നില്ല; വിലയ്ക്കായിരുന്നു പ്രധാന പരിഗണന. ഇതാണ് കാപ്പോയെ ഒരു നിർണായക വഴിത്തിരിവിലേക്ക് നയിച്ചത്.
ഈ സാഹചര്യത്തിലാണ് കമ്പനി കോൺട്രാക്ട് മാനുഫാക്ചറിങ്ങിലേക്ക് മാറിയത്. ലോകോത്തര സൗകര്യങ്ങളോടെ ഫാക്ടറി സജ്ജമാക്കിയതോടെ കെല്ലോഗ്സ്, പേപ്പർ ബോട്ട്, ചായ് പോയിന്റ്, ബിയോണ്ട് സ്നാക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കായി കാപ്പോ ഉത്പാദനം ആരംഭിച്ചു. ഇന്ന് ഫ്ലിപ്കാർട്ട്, ടാറ്റ, വിപ്രോ, യൂണിബിക് തുടങ്ങിയ നിരവധി ദേശീയ ബ്രാൻഡുകൾക്കായി കാപ്പോ ഉത്പന്നങ്ങൾ നിർമിക്കുന്നു.
“പത്ത് വർഷം ഞങ്ങൾ നിശ്ശബ്ദമായി കാത്തിരുന്നു. ബ്രാൻഡാകണമെന്ന സ്വപ്നം ഉപേക്ഷിച്ചില്ല; മാറ്റിവെച്ചതേയുള്ളൂ,” ജോസ് പറയുന്നു. ഈ കാലയളവിൽ സ്കെയിൽ, ചിലവ് നിയന്ത്രണം, വിപണിയുടെ പിഴവുകളും വിജയങ്ങളുമെല്ലാം അടുത്തറിയാൻ കഴിഞ്ഞതായിരുന്നു ഏറ്റവും വലിയ നേട്ടം.
ആരോഗ്യബോധം വളർന്ന വിപണി; തിരിച്ചു വരവിന് ശരിയായ സമയം
കഴിഞ്ഞ അഞ്ച് വർഷങ്ങളിലുണ്ടായ ഉപഭോക്തൃ മനോഭാവത്തിലെ മാറ്റമാണ് കാപ്പോയെ വീണ്ടും ബ്രാൻഡായി തിരിച്ചു വരാൻ പ്രേരിപ്പിച്ചത്. ഇന്ന് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന എണ്ണ, നിർമാണരീതി, ശുചിത്വം എന്നിവയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. ആരോഗ്യമാണ് ഇപ്പോൾ പ്രധാന ഡ്രൈവർ. “ആരോഗ്യത്തിന്റെ ആദ്യ ഘടകം ശുചിത്വമാണ്. അതാണ് ഞങ്ങളുടെ ശക്തി,” ജോസ് പറയുന്നു. ഇതോടെയാണ് പുതിയ പാക്കേജിംഗും പുതിയ ഫ്‌ളേവറുകളുമായി കാപ്പോ വീണ്ടും വിപണിയിലെത്തിയത്. ഇപ്പോൾ കാപ്പോ പ്രധാനമായും ബനാന ചിപ്സും കപ്പ ചിപ്സുമാണ് നിർമിക്കുന്നത്. ‘ടാപ്പിയോക’ എന്നതിന് പകരം അന്താരാഷ്ട്രമായി കൂടുതൽ പരിചിതമായ ‘കസാവ’ എന്ന പേരാണ് ബ്രാൻഡ് ഉപയോഗിക്കുന്നത്. ബനാന ചിപ്സിൽ ക്ലാസിക് സാൾട്ടഡ്, ചില്ലി ഗാർളിക് എന്നീ ഫ്‌ളേവറുകളും, കസാവ ചിപ്സിൽ ഡൈനാമൈറ്റ്, ടാൻഗി ടൊമാറ്റോ എന്നീ ഫ്‌ളേവറുകളുമാണ് നിലവിലുള്ളത്.
ബ്രാൻഡിങ് നിറമുള്ള പാക്കറ്റിൽ ഒതുങ്ങുന്നില്ല
ബ്രാൻഡഡ് സ്നാക്സ് ചിലവേറിയതാണെന്ന ധാരണ ഇന്നും നിലനിൽക്കുന്നുണ്ടെന്ന് ജോസ് തുറന്നുപറയുന്നു. എന്നാൽ ഒരു ബ്രാൻഡ് നൽകുന്നത് ഉത്തരവാദിത്തവും വിശ്വാസവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റൈസ് ബ്രാൻ ഓയിലും ഹിമാലയൻ പിങ്ക് സാൾട്ടും ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്ക് ഗിൽറ്റ്-ഫ്രീ സ്നാക്കിംഗ് എന്ന അനുഭവമാണ് നൽകുന്നത്. “ബ്രാൻഡ് എന്നത് ഒരു സ്നാക്ക് വിൽക്കുന്നതല്ല; വിശ്വാസത്തിൽ നിന്നുള്ള ഒരു അനുഭവം വിൽക്കുന്നതാണ്,” അദ്ദേഹം പറയുന്നു.
വിലയും യൂണിറ്റ് ഇക്കണോമിക്സും: ആദ്യ പാഠങ്ങൾ
ആദ്യഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി വിലനിർണയമായിരുന്നു. അന്നത്തെ വിപണിയിൽ ₹5–₹10 സ്നാക്കുകളാണ് ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ ബനാനയും കപ്പയും പോലുള്ള അസംസ്കൃത വസ്തുക്കൾക്ക് സംഭരണപരിധി വളരെ കുറവാണ്. കൃഷിയിടത്തിൽ നിന്ന് 24–28 മണിക്കൂറിനുള്ളിൽ തന്നെ പ്രോസസിങ് അനിവാര്യമാണ്. അതിനാൽ ആ വിലനിലവാരത്തിൽ യൂണിറ്റ് ഇക്കണോമിക്സ് സാധ്യമല്ലായിരുന്നു. ഇന്ന് ₹60–₹80 വരെ ഒരു നല്ല സ്നാക്കിനായി ചിലവഴിക്കാൻ ഉപഭോക്താക്കൾ തയ്യാറാണെന്നത് വിപണിയുടെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
‘നൊസ്റ്റാൾജിയ’ എന്ന രുചിയുടെ യാഥാർത്ഥ്യം
നൊസ്റ്റാൾജിയ എന്ന പേരിൽ നമ്മൾ വിളിക്കുന്ന പല രുചികളും യഥാർത്ഥത്തിൽ അസമമായ താപനിലയും പഴകിയ എണ്ണയും മൂലമുള്ള റാൻസിഡിറ്റിയാണെന്ന് ജോസ് വിശദീകരിക്കുന്നു. ഓട്ടോമേറ്റഡ് പ്രോസസിലൂടെ കൃത്യമായ താപനില നിയന്ത്രിക്കുന്നതുകൊണ്ട് കാപ്പോ ചിപ്സുകളിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. കോക്കനട്ട് ഓയിൽ രുചി കേരള കേന്ദ്രീകൃതമാണെന്നും, പാൻ-ഇന്ത്യ ബ്രാൻഡാകുമ്പോൾ വിവിധ പ്രദേശങ്ങളിലെ ടേസ്റ്റ് പാലറ്റുകൾ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് വിവിധ ഫ്‌ളേവറുകൾ അവതരിപ്പിക്കുന്നത്.
തുറന്ന ഫാക്ടറി, തുറന്ന മനസ്സ്
അടൂരിലുള്ള കാപ്പോയുടെ ഫാക്ടറി പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആർക്കും ഫാക്ടറി സന്ദർശിക്കാമെന്ന് ജോസ് പറയുന്നു. “നിങ്ങളുടെ ചിപ്സ് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ആളുകൾക്ക് നേരിൽ കാണിക്കാനാണ് ഞങ്ങളുടെ ശ്രമം,” അദ്ദേഹം പറയുന്നു.
ഭാവിദർശനം: ദക്ഷിണേന്ത്യൻ സ്നാക്സ് ബ്രാൻഡ്
അടുത്ത 6–8 മാസത്തിനുള്ളിൽ പക്കാവട, മുറുക്ക്, കേരള മിക്സ്ചർ, പീനട്ട്, കശുവണ്ടി ഫ്‌ളേവറുകൾ എന്നിവ വിപണിയിലെത്തിക്കാനാണ് പദ്ധതി. കേരളം മാത്രമല്ല, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സ്നാക്സുകളെയും ശക്തമായ ബ്രാൻഡാക്കി മാറ്റുക എന്നതാണ് കാപ്പോയുടെ ദീർഘകാല ലക്ഷ്യം.
പുതിയ സംരംഭകരോട്
ഭക്ഷ്യവ്യവസായത്തിലേക്ക് കടക്കുന്നവർക്കുള്ള ജോസ് അലക്സിന്റെ ഉപദേശം ലളിതമാണ്: രുചി ആദ്യം. യൂണിറ്റ് ഇക്കണോമിക്സ് മനസ്സിലാക്കുക. ആവശ്യമെങ്കിൽ വഴിമാറ്റങ്ങൾ സ്വീകരിക്കാൻ തയ്യാറാകുക. ക്ഷമയും പ്രതിരോധശേഷിയും സംരംഭകന്റെ ഏറ്റവും വലിയ മൂലധനമാണ്. “ബ്രാൻഡ് ആകുന്നതിനുമുൻപ് പത്ത് വർഷം കാപ്പോ കാത്തിരുന്നു. മറ്റുള്ളവർ മുന്നോട്ട് പോകുമ്പോൾ നമ്മൾ പിന്നിലാകുമോ, അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ടായിരുന്നില്ല. ഏറ്റവും മികച്ചതിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടേയിരുന്നു.”
ഇതുതന്നെയാണ് പുതിയ സംരംഭകരോടും പറയാനുള്ളതെന്ന് ജോസ് അലക്സ് പറയുന്നു.
Discover the journey of Jose Alex, CEO of Kappo Foods, who turned traditional Kerala snacks like banana and cassava chips into a premium global brand with a focus on hygiene and health.
