നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതിക്കായുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി കേരളം. കർണാടകയുടെ ശക്തമായ എതിർപ്പുകൾ നിലനിൽക്കുന്നതിനിടയിലാണ് നീക്കം. വയനാട് റെയിൽവേ പദ്ധതി എന്ന പേരിലും അറിയപ്പെടുന്ന 236 കിലോമീറ്റർ ദൈർഘ്യമുള്ള പാത, കർണാടകയിലെ മൈസൂരു ജില്ലയിലെ നഞ്ചൻകോടിൽ നിന്ന് മലപ്പുറത്തെ നിലമ്പൂരിലേക്ക് 5 അടി 6 ഇഞ്ച് ബ്രോഡ് ഗേജിൽ ബന്ധിപ്പിക്കാനാണ് നിർദേശിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ല വഴിയാണ് പാത കടന്നുപോകുക. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി മുൻകാല സർവേകൾ പദ്ധതി സാമ്പത്തികമായി ഗുണകരമല്ലെന്ന് വിലയിരുത്തിയിരുന്നുവെങ്കിലും, മെട്രോമാൻ ഇ. ശ്രീധരൻ അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു പദ്ധതി സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. റെയിൽവേ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

പദ്ധതി പരിസ്ഥിതി സംരക്ഷണ മേഖലകളിലൂടെ കടന്നുപോകുന്നതും കർണാടകയ്ക്ക് പരിമിതമായ പ്രയോജനമേ നൽകൂവെന്നും ചൂണ്ടിക്കാട്ടി കർണാടക തുടർച്ചയായി എതിർപ്പ് രേഖപ്പെടുത്തുകയാണ്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാലാണ് പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെ ശക്തമായി എതിർക്കുന്നത്. ബന്ദിപ്പൂർ, നാഗർഹോള വഴിയുള്ള റെയിൽവേ ലൈൻ നിർമാണമോ രാത്രി ഗതാഗതം തുറക്കുന്നതോ കർണാടകയിലെ ജനങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും പ്രതിഷേധക്കാർ വാദിക്കുന്നു. അതേസമയം, പദ്ധതി സംസ്ഥാനാന്തര ഗതാഗതവും വ്യാപാരബന്ധങ്ങളും മെച്ചപ്പെടുത്തുമെന്ന് കേരളം വാദിക്കുന്നു. 2007–08ൽ നടത്തിയ സർവേയിൽ ഗതാഗത സാധ്യത കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കിലും, പൊതുആവശ്യം കണക്കിലെടുത്ത് 2023ൽ ഫൈനൽ ലൊക്കേഷൻ സർവേയ്ക്ക് (FLS) അനുമതി നൽകിയിരുന്നു.
Kerala intensifies efforts for the 236 km Nilambur-Nanjangud railway line despite strong resistance from Karnataka over environmental concerns in the Bandipur Tiger Reserve.
