ജനുവരി 26ന് കർത്തവ്യപഥിൽ നടക്കുന്ന 77ആമത് റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറ്റം കുറിക്കാൻ ഡിആർഡിഒയുടെ ദീർഘദൂര ആന്റി-ഷിപ്പ് ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ (LRASHM). ഏകദേശം 1500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഇന്ത്യയുടെ സമുദ്ര ആക്രമണ ശേഷി ഗണ്യമായി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക് ദിന പരേഡിൽ മിസൈൽ പ്രദർശിപ്പിക്കുന്നത് പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ ശക്തമായ തെളിവാകുമെന്ന് ഡിആർഡിഒ പ്രോജക്ട് ഡയറക്ടർ എ. പ്രസാദ് ഗൗഡിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈലും ഹൈപ്പർസോണിക് ക്രൂയിസ് മിസൈലും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ ഡിആർഡിഒ സജീവമായി ഗവേഷണം നടത്തിവരികയാണ്. ഇന്ത്യൻ നാവികസേനയുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ മിസൈലുകൾ വികസിപ്പിക്കുന്നത്. ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ശത്രുവിന്റെ റഡാർ സംവിധാനങ്ങൾക്ക് കണ്ടെത്താൻ പ്രയാസമാണ് എന്നുള്ളതാണ് ഇതിന്റെ പ്രധാന നേട്ടം.
ഏകദേശം 1,500 കിലോമീറ്റർ പരിധിയിൽ വ്യത്യസ്ത പേലോഡുകൾ വഹിക്കാനും സമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന ശത്രുകപ്പലുകളെ ലക്ഷ്യമാക്കി ആക്രമണം നടത്താനും ഈ മിസൈലിന് കഴിയും. ഉയർന്ന എയ്റോഡൈനാമിക് കാര്യക്ഷമതയോടെ ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഭാവിയിലെ യുദ്ധസാങ്കേതികവിദ്യകളിൽ നിർണായക സ്ഥാനമാണ് ഹൈപ്പർസോണിക് മിസൈലുകൾക്കുള്ളതെന്നും 3,000 മുതൽ 3,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള കഴിവുകൾ വികസിപ്പിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India’s long-range anti-ship hypersonic glide missile (LRASHM) developed by DRDO is set to debut at the 77th Republic Day parade, showcasing massive maritime strike capabilities.
