ഇസ്രയേൽ–ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ ഉൾപ്പെടെയുള്ള എട്ട് ഇസ്ലാമിക രാജ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’ ചേരാൻ സമ്മതം പ്രകടിപ്പിച്ചു. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ, ഖത്തർ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെയാണ് തീരുമാനം അറിയിച്ചത്. ട്രംപ് നൽകിയ ക്ഷണം സ്വാഗതം ചെയ്യുന്നതായും ബോർഡ് ഓഫ് പീസിൽ അംഗമാകാൻ രാജ്യങ്ങൾ ഏകകണ്ഠമായി തീരുമാനത്തിൽ എത്തിയതായും പ്രസ്താവനയിൽ വ്യക്തമാക്കി.

ബോർഡ് ഓഫ് പീസിന്റെ ദൗത്യങ്ങൾ നടപ്പാക്കുന്നതിനായി ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ഓരോ രാജ്യവും പൂർത്തിയാക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. ഇതിനകം ഈജിപ്ത്, പാകിസ്ഥാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ അംഗത്വം സ്വീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2803ന്റെ അടിസ്ഥാനത്തിൽ ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കൽ, പുനർനിർമാണം, പലസ്തീനികളുടെ സ്വയംനിർണയാവകാശവും രാജ്യസ്ഥാപനവും ഉൾക്കൊള്ളുന്ന നീതിയുള്ള സ്ഥിരം സമാധാനം എന്നിവ ലക്ഷ്യമാക്കിയാണ് ബോർഡ് ഓഫ് പീസ് പ്രവർത്തിക്കുക. മേഖലയിലെ രാജ്യങ്ങൾക്കും ജനങ്ങൾക്കും ദീർഘകാല സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Saudi Arabia, Turkey, and six other Islamic nations formally agree to join Donald Trump’s ‘Board of Peace’ to oversee Gaza reconstruction and permanent peace.
