സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന 56-ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ WEF വാര്‍ഷിക യോഗത്തില്‍ 1,17,000 കോടി രൂപയുടെ (14 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപ വാഗ്ദാനം നേടി കേരളം. പുനരുപയോഗ ഊര്‍ജ്ജം, ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ , നൈപുണ്യ വികസനം, സാമ്പത്തിക സേവനങ്ങള്‍, ടൂറിസം-വെല്‍നസ്, മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ താത്പര്യങ്ങളും നിര്‍ദ്ദേശങ്ങളുമുള്ളത്.

വ്യവസായ മന്ത്രി പി. രാജീവ് നയിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല പ്രതിനിധി സംഘം ആഗോള വ്യവസായ പ്രമുഖര്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന്റെ വ്യാവസായിക, നിക്ഷേപ ആവാസവ്യവസ്ഥ അവതരിപ്പിച്ചു നേടിയതാണ് ഈ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം .
കഴിഞ്ഞ വര്‍ഷത്തെ ഡബ്ല്യുഇഎഫിലെ കേരളത്തിന്റെ സജീവ പങ്കാളിത്തത്തെ തുടര്‍ന്നാണ് ഭാരത് ബയോടെക്കിന്റെ നിക്ഷേപം കേരളത്തിലേക്ക് വന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി വഴി സംസ്ഥാനത്തേക്ക് വലിയ തോതില്‍ നിക്ഷേപം ആകര്ഷിക്കാനായതിലും ഡബ്ല്യുഇഎഫിലെ പങ്കാളിത്തം നിര്‍ണായകമായി. ഐകെജിഎസ്സിലൂടെ 449 കമ്പനികളില്‍ നിന്ന് 1.80 ലക്ഷം കോടി രൂപയുടെ താല്‍പ്പര്യ പത്രങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചതു തുടർനേട്ടമായിരുന്നു.
ജനുവരി 19 മുതല്‍ 23 വരെ നടന്ന ഫോറത്തിൽ ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ കമ്പനി മേധാവികളുമായി ചര്‍ച്ചകളും ബിസിനസ് യോഗങ്ങളും നടത്തി . പരമ്പരാഗത, നൂതന മേഖലകളില്‍ വൈവിധ്യവല്‍ക്കരണവും വളര്‍ച്ചയും ലക്ഷ്യമിടുന്ന കേരളം യുഎസ്, യുകെ, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരില്‍ നിന്ന് 1,17,000 കോടി രൂപയുടെ മൊത്തം നിക്ഷേപ പ്രതിബദ്ധത നേടാനായതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര, ബിസിനസ് പ്രമോഷന് ഏജന്‍സികളുടെ വ്യവസായ നേതാക്കള്‍, സിഇഒമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മുമ്പാകെയാണ് വളര്‍ച്ച പ്രാപിക്കുന്നതും സുസ്ഥിരവുമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ചത്.
ലോക സാമ്പത്തിക ഫോറവുമായി ഇടപഴകുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തേകി കേരള പ്രതിനിധി സംഘം ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഡബ്ല്യുഇഫില് പങ്കെടുക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എംഡി പി. വിഷ്ണുരാജ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ പ്രമുഖ നിക്ഷേപകരും പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
അഞ്ച് ദിവസത്തെ ഫോറത്തില്‍ രാഷ്ട്ര പ്രതിനിധികളും വ്യവസായ പ്രമുഖരും ഒത്തുചേര്‍ന്ന് അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സഹകരണം ആരായുകയും ചെയ്തു. കേരളം സന്ദര്‍ശിക്കാനും വ്യവസായ സഹകരണത്തിന്റെ വ്യാപ്തി നേരിട്ടറിയാനും മന്ത്രി വ്യവസായ നേതാക്കളെ കേരളത്തിലേക്ക് ക്ഷണിച്ചു.
ഗ്രീന്‍ എനര്‍ജി, ഗ്രീന്‍ ടെക്നോളജി, മെഡിക്കല്‍ ഡിവൈസ് നിര്‍മ്മാണം തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ കേരള സംഘം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. സുസ്ഥിരവും നൂതനാശയങ്ങളാല്‍ നയിക്കപ്പെടുന്നതുമായ വിജ്ഞാനാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമായി സംഘം കേരളത്തെ ചർച്ചകളിൽ അവതരിപ്പിച്ചു.
റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ഇക്കോടൗണ് വികസനം & 2000 ഏക്കര്‍ സംയോജിത വ്യവസായ പാര്‍ക്കുകള്‍), റീസസ്റ്റൈനബിലിറ്റി ലിമിറ്റഡ് (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്), ബൈദ്യനാഥ് ബയോഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (റിന്യൂവബിള്‍ എനര്‍ജി), ഡിപിഐഎഫ്എസ് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡ്. (എഐ ട്രാഫിക് സിസ്റ്റംസ്), ആക്മി ഗ്രൂപ്പ് (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), എല്‍എന്‍കെ എനര്‍ജി (റിന്യൂവബിള്‍ എനര്‍ജി), സിഫി ടെക്നോളജീസ് (ഡാറ്റ സെന്റര്‍ സെക്ടര്‍), ഡെല്‍റ്റ എനര്‍ജി സൊല്യൂഷന് ജിഎംബിഎച്ച് & കോ.കെജി (എനര്‍ജി ഹോസ്പിറ്റാലിറ്റി & ഹെല്‍ത്ത്കെയര്‍), ഇക്കോ ഗാര്‍ഡ് ഗ്ലോബല്‍ എജി (ഇഎസ് ജി അലൈന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്), ഗ്രീന്‍കോ ഗ്രൂപ്പ് (എനര്‍ജി സെക്ടര്‍), ജെനസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ (എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍), ഇനോക്സ്വിന്ഡ് ലിമിറ്റഡ് (വിന്‍ഡ് പവര്‍), കാനിസ് ഇന്റര്‍നാഷണല്‍, കാനഡ (സ്പൈസ്, എയ്റോസ്പേസ് & എനര്‍ജി), സയേ എന്‍വെസ്റ്റ് കാപ്സ് അഡ്വൈസറി ലിമിറ്റഡ് (റിന്യൂവബിള്‍ എനര്‍ജി) തുടങ്ങി 500 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള ബിസിനസ് സ്ഥാപനങ്ങളുടെ താത്പര്യപത്രവും ഡബ്ല്യുഇഎഫിന്റെ ഭാഗമായി ലഭിച്ചു
ജനുവരി 21 ന് കേരള പ്രതിനിധി സംഘം ദാവോസിലെ എബ്രഹാം ഹൗസില്‍ പാനല്‍ ചര്‍ച്ചകളും അവതരണങ്ങളും സംഘടിപ്പിച്ചു. കേരളത്തിന്റെ നിലവിലെ മുന്നേറ്റത്തെയും ഭാവി കാഴ്ചപ്പാടുകളെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ഈ സെഷന്. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, കരുത്തുറ്റ ചെറുകിട ഇടത്തരം വ്യവസായ ആവാസവ്യവസ്ഥ, ഈ സംരംഭങ്ങളുടെ നേതൃത്വനിരയില്‍ 37 ശതമാനം സ്ത്രീകള്‍, പുരോഗമനപരമായ സാമൂഹിക ചട്ടക്കൂട് എന്നിവയ്ക്ക് സെഷനില്‍ ഊന്നല്‍ നല്കി.
വ്യവസായ മന്ത്രി കൂടിക്കാഴ്ച നടത്തിയ ബിസിനസ് നേതാക്കളും നയരൂപീകരണ വിദഗ്ധരും സംസ്ഥാനത്തിന്റെ ഭാവിക്ക് അനുയോജ്യമായ വ്യാവസായിക ഭൂപ്രകൃതിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് വിവിധ മേഖലകളില്‍ നിക്ഷേപത്തിന് സാധ്യത വാഗ്ദാനം ചെയ്യാന്‍ സഹായിക്കുന്നതാണ്.
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള നയരൂപീകരണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ വണ്‍ ഓണ്‍ വണ്‍ ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും മന്ത്രി വിശദീകരിച്ചു. ഈ പരിഷ്കാരങ്ങള്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന് സഹായിച്ചു. ഇത് കേരളത്തെ ഇന്ത്യയിലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗില്‍ ഒന്നാമതെത്തിച്ചതെന്നും വ്യവസായ മന്ത്രി ചർച്ചകളിൽ വ്യക്തമാക്കി.
ഉത്തരവാദിത്ത നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും ഇഎസ് ജി നയം അടിസ്ഥാനമാക്കിയുമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സാധിച്ചത് ശ്രദ്ധേയമാണ്. ഇതിലൂടെ പരിസ്ഥിതിയ്ക്ക് അനുകൂലമായ വ്യവസായങ്ങള്‍ക്കുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനാകും
Kerala makes history at the World Economic Forum in Davos, securing investment commitments worth ₹1.17 Lakh Crore ($14 Billion) across renewable energy, tech, and healthcare sectors.
