ബെംഗളൂരുവിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച് ജീവിതത്തിന്റെ കാഠിന്യം നേരിട്ട് വളർന്ന രാജാ നായകിന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്. 15ആം വയസ്സിൽ പഠനം നിർത്തേണ്ടിവന്ന രാജാ, 17ആം വയസ്സിൽ വലിയ സ്വപ്നങ്ങളുമായി മുംബൈയിലേക്കു പോയെങ്കിലും അവിടെ അവസരങ്ങൾ ലഭിക്കാതെ തിരിച്ചെത്തി. പിന്നീട് അമ്മയിൽ നിന്ന് ചെറിയൊരു തുക കടം വാങ്ങി തിരുപ്പൂരിൽ നിന്നുള്ള ഷർട്ടുകൾ വാങ്ങി ബെംഗളൂരുവിലെ തിരക്കേറിയ റോഡരികിൽ വിൽപന ആരംഭിച്ചു. ₹50 വിലയിട്ട ഷർട്ടുകൾ, സമീപത്തെ ഫാക്ടറി തൊഴിലാളികൾ കൂടുതലായി ധരിക്കുന്ന നീലയും വെള്ളയും നിറങ്ങളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച തന്ത്രം വിജയമായി. എല്ലാ ഷർട്ടുകളും വിറ്റുതീർന്നപ്പോൾ രാജാ സ്വന്തമായി ആദ്യമായി ₹5,000 ലാഭം നേടി.

റോഡരികിലെ ആ ചെറുകച്ചവടം പിന്നീട് ചെരിപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിവയിലേക്കു വ്യാപിച്ചു. എന്നാൽ രാജയുടെ മനസ്സിൽ വലിയൊരു സ്വപ്നത്തിന് വിത്തുവീണത് മുംബൈയിൽ വെച്ചുകണ്ട അമിതാഭ് ബച്ചൻ അഭിനയിച്ച ‘ത്രിശൂൽ’ എന്ന സിനിമയിലൂടെയായിരുന്നു. ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നു വലിയ ബിസിനസ് സാമ്രാജ്യം പണിയുന്ന നായകന്റെ കഥ രാജയ്ക്ക് പ്രചോദനമായി. 1991ൽ പാക്കേജിങ് മേഖലയിലേക്കു കടന്ന് ‘അക്ഷയ് എന്റർപ്രൈസസ്’ ആരംഭിച്ചതോടെയാണ് വഴിത്തിരിവ്. ഇന്ന് എംസിഎസ് ലോജിസ്റ്റിക്സ്, ജലാ ബെവറേജസ്, പർപ്പിൾ ഹേസ് വെൽനസ് സ്പേസ്, ന്യൂട്രി പ്ലാനറ്റ് എന്നിവയടക്കം നിരവധി സംരംഭങ്ങളുടെ സ്ഥാപകനായ രാജാ നായകിന്റെ വാർഷിക വരുമാനം ₹100 കോടി കവിയുന്നു. എവിടെ നിന്നാണ് തുടങ്ങുന്നത് എന്നതല്ല, എത്ര ദൂരം പോകുന്നു എന്നതാണ് പ്രധാനമെന്ന സത്യമാണ് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നത്.
Discover the incredible journey of Raja Nayak, who went from selling ₹50 shirts on Bengaluru streets to building a ₹100 crore business empire inspired by Amitabh Bachchan.
