ഗ്ലാമറൊന്നുമില്ലാത്ത ഒരു മേഖലയിൽ നിന്ന് കോടികൾ കൊയ്യുകയാണ് ഡാനിയൽ ടോം എന്ന 31-കാരനായ കാലിഫോർണിയൻ സംരംഭകൻ. പോർട്ടബിൾ ടോയ്ലറ്റുകൾ വാടകയ്ക്ക് നൽകുന്ന തന്റെ ബിസിനസ്സിലൂടെ 2025-ൽ ഡാനിയൽ നേടിയത് 4.3 മില്യൺ ഡോളർ (ഏകദേശം 39 കോടി രൂപ) വാർഷിക വരുമാനമാണ്. സിഎൻബിസി ‘മേക്ക് ഇറ്റ്’ ആണ് ഈ സംരംഭകന്റെ വിജയഗാഥ റിപ്പോർട്ട് ചെയ്തത്.

തുടക്കം വെറും 100 ടോയ്ലറ്റുകളിൽ നിന്ന്
‘ബേ ഏരിയ സാനിറ്റേഷൻ’ (Bay Area Sanitation) എന്ന തന്റെ കമ്പനി 2023-ലാണ് ഡാനിയൽ ആരംഭിച്ചത്. അന്ന് വെറും ഒരു ട്രക്കും 100 ടോയ്ലറ്റുകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ ആദ്യ വർഷം തന്നെ കമ്പനി ലാഭത്തിലായി. സാൻ ഫ്രാൻസിസ്കോയിലെ നിർമ്മാണ പ്രവർത്തനങ്ങളും ഔട്ട്ഡോർ പരിപാടികളും വർദ്ധിച്ചതോടെ ബിസിനസ്സ് അതിവേഗം വളർന്നു. 2024-ൽ 28 കോടി രൂപയായിരുന്ന വരുമാനം 2025-ൽ 39 കോടി രൂപയായി ഉയർന്നു. നിലവിൽ രണ്ടായിരത്തോളം പോർട്ടബിൾ ടോയ്ലറ്റുകൾ ഡാനിയലിന്റെ കമ്പനിക്കുണ്ട്.
വരുമാനം കേൾക്കുമ്പോൾ ആളുകളുടെ നെറ്റി ചുളിയുന്നത് മാറും
താൻ ചെയ്യുന്ന ജോലിയെക്കുറിച്ച് കേൾക്കുമ്പോൾ പലരും ആദ്യം മുഖം ചുളിക്കാറുണ്ടെന്ന് ഡാനിയൽ പറയുന്നു. “ആളുകൾക്ക് ആദ്യം അറപ്പാണ് തോന്നാറുള്ളത്. എന്നാൽ ഈ ബിസിനസ്സ് മോഡലിനെക്കുറിച്ചും ഇതിൽ നിന്നുള്ള വരുമാനത്തെക്കുറിച്ചും പറയുമ്പോൾ അവർക്ക് താൽപ്പര്യമാകും,” ഡാനിയൽ പറഞ്ഞു.
പ്രവർത്തന രീതി
ഓരോ ടോയ്ലറ്റിലും 60 ഗാലൻ മാലിന്യം ഉൾക്കൊള്ളും. ഇവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുകയും മാലിന്യം നീക്കം ചെയ്യുകയും വേണം. ഈ ജോലികൾക്കായി 12 വാക്വം പമ്പർ ട്രക്കുകളും 19 ജീവനക്കാരും കമ്പനിക്കുണ്ട്. വരുമാനത്തിന്റെ 30 ശതമാനത്തോളം തുക ജീവനക്കാരുടെ ശമ്പളത്തിനായി മാറ്റിവെക്കുന്നു. ഇന്ധനച്ചെലവും മറ്റ് സാധനങ്ങളുമാണ് മറ്റ് പ്രധാന ചെലവുകൾ.
ലക്ഷ്യം 91 കോടിയുടെ വരുമാനം
വർഷം ഏകദേശം ഒരു കോടി രൂപയാണ് ഡാനിയൽ സ്വന്തം ശമ്പളമായി എടുക്കുന്നത്. ബാക്കി ലാഭമെല്ലാം ബിസിനസ്സ് വിപുലീകരിക്കാനാണ് ഉപയോഗിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടോയ്ലറ്റുകളുടെ എണ്ണം 5,000 ആയും വാർഷിക വരുമാനം 91 കോടി രൂപയായും ഉയർത്തുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
ജോലിയിൽ അഭിമാനം
2025-ലെ കണക്കനുസരിച്ച് യുഎസിലെ പോർട്ടബിൾ ടോയ്ലറ്റ് വിപണി 3.3 ബില്യൺ ഡോളറിന്റേതാണ്. “ഞാൻ ചെയ്യുന്ന ജോലിയിൽ എനിക്ക് അഭിമാനമുണ്ട്. എല്ലാവർക്കും അത്യാവശ്യമായ ഒരു സേവനമാണ് ഞാൻ നൽകുന്നത്. എല്ലാവർക്കും ഇതിന്റെ ആവശ്യമുണ്ടല്ലോ?” ഡാനിയൽ ചോദിക്കുന്നു. 22 ശതമാനത്തോളമാണ് ഈ ബിസിനസ്സിലെ ലാഭവിഹിതം.
Discover how Californian entrepreneur Daniel Tom built a ₹39 crore ($4.3M) annual revenue empire by renting portable toilets, proving some businesses are AI-proof.
