ആദിത്യ ധർ സംവിധാനത്തിൽ രൺവീർ സിങ്ങ് നായകനായെത്തിയ ‘ധുരന്ദർ’ ₹1000 കോടി എന്ന ഭീമൻ ഗ്രോസ് മാർക്ക് ഔദ്യോഗികമായി മറികടന്നു. ഇതോടെ, രാജ്യത്ത് ടിക്കറ്റ് വിൽപനയിലൂടെ 1000 കോടിയെന്ന ചരിത്രനിമിഷത്തിനാണ് ഇന്ത്യൻ ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വിജയകരമായ സിനിമാറ്റിക് സംരംഭങ്ങളിലൊന്നായി ധുരന്ദർ ഇതോടെ മാറി. ഒരു ഭാഷയിൽ നിന്ന് ₹1000 കോടിയിലധികം കളക്ഷൻ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചിത്രമായും ധുരന്ദർ മാറുന്നു.

നേരത്തെ ആഗോള റിലീസിനു ശേഷം 21ആം ദിവസമാണ് ചിത്രം 1000 കോടിയെന്ന റെക്കോർഡ് നേട്ടത്തിലെത്തിയത്. ഇതോടെ 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ‘ധുരന്ദറി’ന് ലഭിച്ചു. ഒപ്പം ആഗോളതലത്തിൽ 1000 കോടി കലക്ഷൻ നേടുന്ന ഇന്ത്യൻ നായകന്മാരുടെ പട്ടികയിലും രൺവീർ സിങ്ങ് ഇടം നേടി. ആമിർ ഖാൻ, പ്രഭാസ്, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പമാണ് രൺവീറിന്റെ നേട്ടം. സ്പൈ–ആക്ഷൻ ത്രില്ലറായ സിനിമ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ന്റെ ആഗോള ബോക്സ്ഓഫിസ് കലക്ഷനെയും മറികടന്നാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 850 കോടിയായിരുന്നു ‘കാന്താര’ നേടിയത്.
‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ ഇറങ്ങി ആറ് വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ ആദിത്യ ധർ ‘ധുരന്ദർ’ എന്ന ചിത്രവുമായെത്തിയത്. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, എന്നിവരും വേഷമിട്ടിട്ടുണ്ട്. 280 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. മൂന്ന് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൻറെ രണ്ടാം ഭാഗമായ ‘ധുരന്ദർ 2’, ഈ മാർച്ച് 19ന് തിയറ്ററുകളിലെത്തും.
Ranveer Singh’s Dhurandhar makes history as the first Indian film to cross ₹1000 crore from a single language. Check out the record-breaking box office details and Dhurandhar 2 updates.
