അദാനി ഗ്രൂപ്പും ബ്രസീലിയൻ കമ്പനിയായ എംബ്രെയറും തമ്മിലുള്ള സഹകരണം അടുത്ത രണ്ട് വർഷത്തിനുള്ളിൽ മികച്ച വളർച്ച കൈവരിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു. ഇന്ത്യയിൽ വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈൻ (Final Assembly Line) സ്ഥാപിക്കുന്നതിനായാണ് ഇരുകമ്പനികളും സഹകരണം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ വ്യോമയാന വിപണികളിലൊന്നായ ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് നീക്കം. ടയർ-2, ടയർ-3 നഗരങ്ങളിലേക്കുള്ള വിമാന ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എയർക്രാഫ്ടുകളാണ് നിർമിക്കുക.
എംബ്രെയറുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിൽ റീജിയണൽ വിമാന നിർമാണ സൗകര്യം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് Adani Defence & Aerospace ഡയറക്ടർ ജീത് അദാനി പറഞ്ഞു. ഇതിനായി രണ്ട് സാധ്യതാ കേന്ദ്രങ്ങൾ പരിഗണനയിലുണ്ട്. അടുത്ത മാസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി സഹകരണം പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യാ കൈമാറ്റം, നൈപുണ്യ വികസനം, ശക്തമായ സപ്ലൈ ചെയിൻ എന്നിവയിലൂടെ ഇന്ത്യയെ പ്രാദേശിക വിമാന നിർമാണത്തിലെ വിശ്വസനീയ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. 150സീറ്റുകൾ വരെ ശേഷിയുള്ള കൊമേഴ്‍സ്യൽ ജെറ്റുകളാണ് എംബ്രെയർ നിർമിക്കുന്നത്. പങ്കാളിത്തം നിലവിൽ വരുന്നതോടെ ഇവ ഇന്ത്യയിൽ തന്നെ കൂട്ടിച്ചേർക്കും.
Adani Group and Brazil’s Embraer have partnered to set up a Final Assembly Line for commercial jets in India, targeting Tier-2 and Tier-3 city connectivity.
