ടൂറിസം ഉത്പന്നത്തിനപ്പുറത്തേക്ക് ആയുർവേദ ചികിത്സയുടെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നടന്ന പ്രഥമ അന്താരാഷ്ട്ര ആയുർവേദ-വെൽനെസ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ടൂറിസം വകുപ്പും ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ആയുർവേദ രംഗം അന്താരാഷ്ട്രതലത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിൽ ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട്. ആയുർവേദ-യോഗ മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ഉത്തരവാദിത്തവും ഏറുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ടൂറിസം ഉത്പന്നമെന്ന പ്രചാരണത്തിനപ്പുറത്തേക്ക് ആയുർവേദത്തിന്റെ വളർച്ചയുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സഹകരണം, വിജ്ഞാന കൈമാറ്റം, ദീർഘകാല പങ്കാളിത്തം എന്നിവയിലൂന്നി വേണം മുന്നോട്ടു പോകാൻ. ഗവേഷണ കേന്ദ്രീകൃതവും പൊതുജനോപകാരപ്രദവുമായ മേഖലയമായി ആയുർവേദം മാറണം. ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിരമായ നടപടികൾ ഉണ്ടാവണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആധുനിക ചികിത്സാസമ്പ്രദായങ്ങൾ വ്യാപകമായെങ്കിലും ഇന്നും ആയുർവേദത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ മേഖലയുടെ പ്രാധാന്യമെന്ന് ചടങ്ങിൽ ആധ്യക്ഷം വഹിച്ച കോഴിക്കോട് മേയർ ഒ സദാശിവൻ പറഞ്ഞു. ആധുനികമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ആയുർവേദത്തിൽ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രവും വിശ്വസ്തവുമായ ആയുർവേദ നയത്തിന്റെ ചട്ടക്കൂടിലാണ് ആയുർവേദം പ്രവർത്തിക്കേണ്ടതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു ചൂണ്ടിക്കാട്ടി. നൈപുണ്യശേഷിയുള്ള വലിയൊരു സമൂഹത്തിന് തൊഴിൽ ലഭിക്കുന്ന മേഖലയാണ് ആയുർവേദം. ഗവേഷണം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഡാറ്റാ അധിഷ്ഠിതമായ സേവനങ്ങൾ, കർശനമായ മാനദണ്ഡങ്ങൾ എന്നിവയാണ് ഉറപ്പുവരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുർവേദ മരുന്നുകളുടെ വിശ്വാസ്യത കേരളത്തെ സംബന്ധിച്ച് മികച്ച നിക്ഷേപമാണെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. യുനെസ്കോ അംഗീകൃത പ്രദേശമായ പശ്ചിമഘട്ടത്തിൽ നിന്നാണ് നമ്മുടെ മരുന്നുകൾ എത്തുന്നത്. വെൽനെസ് ടൂറിസത്തിന് വ്യക്തമായ നയം കേരളത്തിനുണ്ട്. ഈ ഉച്ചകോടിയിൽ നിന്നുയർന്നു വരുന്ന ക്രോഡീകരിച്ച നിർദ്ദേശങ്ങൾക്ക് സർക്കാർ സജീവ പരിഗണന നൽകുമെന്നും അവർ അറിയിച്ചു.
Tourism Minister PA Mohammed Riyas emphasizes transforming Kerala into a global center for clinical Ayurveda treatment. Highlighting research and strict standards, the state aims to lead international wellness tourism.
