കണ്ണൂർ ജില്ലയിലെ അഴീക്കലിലെ നിർദിഷ്ട മലബാർ അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി തുറമുഖ വകുപ്പ് താൽപര്യ പ്രഖ്യാപനങ്ങൾ (EOI) ക്ഷണിച്ചു. വടക്കൻ കേരളത്തിനും കർണാടകയുടെ സമീപ പ്രദേശങ്ങൾക്കും ലോജിസ്റ്റിക് കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയാണ് മലബാർ തുറമുഖം. വിഴിഞ്ഞത്തിനും കൊച്ചിക്കും ശേഷം കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖമായിരിക്കും ഇത്.

തുറമുഖ വകുപ്പിനുവേണ്ടി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് (MIPS) ആണ് ഇഒഐ പുറപ്പെടുവിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) ചട്ടക്കൂടിന് കീഴിൽ അഴീക്കലിൽ തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും വികസിപ്പിക്കുന്നതിനായാണ് സംഘടനകളെയോ കൺസോർഷ്യങ്ങളെയോ ക്ഷണിച്ചിരിക്കുന്നത്. വളപട്ടണം നദിയുടെ തെക്ക് ഭാഗത്തുള്ള തുറന്ന തീരത്താണ് നിർദിഷ്ട തുറമുഖം വരിക. കൂടാതെ ദേശീയപാത 66ൽ നിന്നും വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഏഴ് കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മൂന്ന് ഘട്ടങ്ങളിലായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന തുറമുഖത്തിന്റെ ആകെ പദ്ധതി ചിലവ് ₹5,047 കോടിയാണ്. ഒന്നാം ഘട്ടത്തിന് മാത്രം ₹3,742 കോടി ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ബ്രേക്ക് വാട്ടറുകളുടെ നിർമാണത്തിന് ₹1,428 കോടിയും ദേശീയപാതയിലേക്കുള്ള റോഡ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് ₹190 കോടിയും ഉൾപ്പെടുന്നു. വിശദ പദ്ധതി റിപ്പോർട്ട് (DPR) അനുസരിച്ച്, നിർദിഷ്ട തുറമുഖത്തിന്റെ പ്രാഥമിക ഫീഡർ മാർക്കറ്റുകളിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു. ബെംഗളൂരു, ഹൊസൂർ, മൈസൂരു, നഞ്ചൻകോട് തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രധാന ചരക്ക് ഉത്പാദക കേന്ദ്രങ്ങളുമായുള്ള സാമീപ്യം കാരണം തുറമുഖത്തിന്റെ തന്ത്രപരമായ നേട്ടവും ഡിപിആർ എടുത്തുകാണിക്കുന്നു.
നേരത്തേ അഴീക്കൽ തുറമുഖ വികസന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 6.96 കോടി വകയിരുത്തിയിരുന്നു. തുറമുഖ വികസനത്തിനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് സമർപിച്ച, ഡിപിആറിനും മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. വിഴിഞ്ഞം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം നിക്ഷേപവും വികസനവും സാധ്യമാക്കുന്ന പദ്ധതിയാകും മലബാർ അന്താരാഷ്ട്ര തുറമുഖം. 2026ൽ നിർമാണം ആരംഭിച്ച് 2031ൽ ഒന്നാംഘട്ടം പൂർത്തിയാക്കുംവിധമാണ് പദ്ധതി രൂപകൽപന.
14 മീറ്ററാണ് തുറമുഖത്തിന്റെ ആഴം. മൂന്നര കിലോമീറ്റർ പുലിമുട്ട്, അര കിലോമീറ്റർ ബർത്ത്, അനുബന്ധ സൗകര്യങ്ങൾ എന്നിവയും നിർമിക്കും. തുടക്കത്തിൽ 5000 കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ള കപ്പലുകൾക്ക് ഇവിടെ അടുപ്പിക്കാം. നാലുവർഷത്തിനുള്ളിൽ പ്രതിവർഷം 300 കപ്പലും 12 വർഷത്തിനുള്ളിൽ 850 കപ്പലും കൈകാര്യംചെയ്യാനാകുന്നതാണ് പദ്ധതി.
Kerala invites Expression of Interest (EOI) for the ₹5,047 crore Malabar International Port at Azhikkal, Kannur. Set to be Kerala’s 3rd international port, it aims to boost logistics for North Kerala and South Karnataka by 2031.
