ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര വിമാനത്താവളങ്ങളിൽ നിലവിലുള്ള ഹിഡൻ ഡിസബിലിറ്റീസ് സൺഫ്ലവർ പദ്ധതി (Hidden Disabilities Sunflower Program) ആദ്യമായി കേരളത്തിലെ വിമാനത്താവളത്തിലും ആരംഭിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരായ യാത്രക്കാരുടെ പ്രത്യേക സഹായം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് (TRV) സൺഫ്ലവർ പദ്ധതി (Sunflower Project) തുടങ്ങിയത്. ഓട്ടിസം ഉൾപ്പെടെയുള്ള അദൃശ്യ ഭിന്നശേഷിയുള്ള യാത്രക്കാർക്ക് പദ്ധതി വഴി വിമാനത്താവളത്തിലുടനീളം പ്രത്യേക പരിഗണനയും സഹായവും ലഭിക്കും.

പദ്ധതിക്കായി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവർക്ക് ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് കഴുത്തിൽ അണിയാനുള്ള ‘സൺഫ്ലവർ ലാൻയാർഡുകൾ’ സൗജന്യമായി ലഭിക്കും. പദ്ധതി നടപ്പാക്കിയ മറ്റു വിമാനത്താവളങ്ങളിലും ഈ ലാൻയാർഡുകൾ ഉപയോഗിക്കാം. തിരുവനന്തപുരം വിമാനത്താവളം ഭിന്നശേഷി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൺഫ്ലവർ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
TRV Airport becomes the first in Kerala to launch the ‘Hidden Disabilities Sunflower Project.’ This initiative provides free lanyards and specialized assistance to passengers with invisible disabilities like autism.
