തമിഴ്നാട്ടിലെ പ്രശസ്തമായ മന്നയുടെ (Manna) മാതൃ കമ്പനിയായ സതേൺ ഹെൽത്ത് ഫുഡ്സിനെ (Southern Health Foods) ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് (RCPL). ദക്ഷിണേന്ത്യയിൽ ആരോഗ്യഭക്ഷണ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡാണ് മന്ന. ഏറ്റെടുക്കലോടെ രാജ്യത്തെ എഫ്എംസിജി രംഗത്ത് കൂടുതൽ പിടിമുറുക്കാൻ റിലയൻസിനാകും.

ഏകദേശം 156 കോടി രൂപ വരുന്ന ഇടപാടിലൂടെയാണ് കമ്പനി പൂർണമായി റിലയൻസിന്റെ കൈവശമായിരിക്കുന്നത്. ഇതോടെ സതേൺ ഹെൽത്ത് ഫുഡ്സ്, റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി മാറി. മില്ലറ്റ് അഥവാ ചെറുധാന്യങ്ങൾ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ഹെൽത്ത് മിക്സുകൾ, പോഷകാഹാര വിഭാഗങ്ങൾ എന്നിവയിൽ റിലയൻസിന്റെ സാന്നിധ്യം ശക്തമാക്കുയെന്നതാണ് ഏറ്റെടുക്കലിനു പിന്നിൽ റിലയൻസിന്റെ ലക്ഷ്യം.
രണ്ട് പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ വിപണിയിൽ വിശ്വാസം നേടിയ ബ്രാൻഡാണ് മന്ന. മാറുന്ന ഭക്ഷണശീലങ്ങൾക്കും ആരോഗ്യബോധമുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ, ബ്രാൻഡിനെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ഇന്ത്യയിലുടനീളമുള്ള റിലയൻസിന്റെ ശക്തമായ വിതരണ ശൃംഖലയും റീട്ടെയിൽ സാന്നിധ്യവും മന്നയ്ക്ക് വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തൽ.
Reliance Consumer Products (RCPL) has acquired Southern Health Foods, the maker of the popular ‘Manna’ brand. This ₹156 crore deal strengthens Ambani’s presence in India’s growing health and millet-based nutrition market.
