ബാലതാരമായി വന്ന് തെന്നിന്ത്യയിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് ശ്രീലീല. ഇപ്പോൾ എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായി ശ്രദ്ധനേടുകയാണ് താരം. മുംബൈ ഡിവൈ പാട്ടീൽ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയ കരിയറും എംബിബിഎസ് പഠനവും ഒരേ രീതിയിൽ മുന്നോട്ടുകൊണ്ടുപോയ താരത്തിന് നെറ്റിസൺസിന്റേയും ആരാധകരുടേയും അഭിനന്ദന പ്രവാഹമാണ്.

തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും മെഡിക്കൽ ഡിഗ്രി നേടിയ ശ്രീലീല അച്ചടക്കത്തിന്റേയും അർപ്പണ ബോധത്തിന്റേയും പ്രതീകമാണെന്ന് നെറ്റിസൺസ് കമന്റ് ചെയ്യുന്നു. ബിരുദദാന ചടങ്ങിനു ശേഷം കുടുംബത്തിനൊപ്പം സന്തോഷം പങ്കിടുന്ന നടിയുടെ ദൃശ്യങ്ങളും ശ്രദ്ധിക്കപ്പെടുന്നു. 2020 ബാച്ച് വിദ്യാർത്ഥിനിയാണ് ശ്രീലീല. ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ സ്വർണലതയാണ് താരത്തിന്റെ മാതാവ്. അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വൈദ്യരംഗത്തേക്ക് എത്തിയതെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
2001ൽ യുഎസ്സിലെ ഡെട്രോയിറ്റിൽ ജനിച്ച ശ്രീലീല വളർന്നതും പഠിച്ചതും ബെംഗളൂരുവിലാണ്. 2017ൽ പുറത്തിറങ്ങിയ ചിത്രാംഗദ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. 2019ൽ കന്നഡ ചിത്രം കിസ്സിലൂടെ നായികയായി. ഭരാട്ടെ, ധമാക്ക, ഭഗവന്ത് കേസരി, ഗുണ്ടൂർ കാരം, പുഷ്പ 2 ദ റൂൾ എന്നിവയിലും തുടർന്ന് അഭിനയിച്ചു. അനുരാഗ് ബസുവിന്റെ മ്യൂസിക്കൽ റൊമാൻഡ് ഡ്രാമ, രാജ്കുമാർ പെരിയസാമിയുടെ ഡി55 തുടങ്ങിയവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
South Indian sensation Sreeleela completes her MBBS degree while managing a busy acting career. Check out the inspiring story of the actress-doctor and her graduation highlights.
