രാജ്യത്തെ ആറ് വിമാനത്താവളങ്ങളെ ഏകീകരിച്ച് വികസിപ്പിക്കുന്നതിനായി ₹1,500 കോടി വരെ സമാഹരിക്കാൻ പദ്ധതിയിട്ട് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് (AAHL). 8.45% പലിശനിരക്കിൽ മൂന്ന് വർഷ കാലാവധിയുള്ള ബോണ്ടുകൾ പുറത്തിറക്കിയാണ് ഫണ്ട് സമാഹരണം. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളാണ് ഈ ഘടനയിൽ ഉൾപ്പെടുന്നത്. അധിക കടബാധ്യത നിയന്ത്രിക്കുകയും വികസന പദ്ധതികൾക്ക് ധനസഹായം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോൾ ഏകദേശം 3.9 കോടി വാർഷിക ശേഷിയുള്ള ഈ വിമാനത്താവളങ്ങൾ 2030ഓടെ ശേഷി ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ റേറ്റിംഗ്സ് AA– റേറ്റിംഗ് നൽകിയ ബോണ്ട് വിൽപന ട്രസ്റ്റ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സാണ് ക്രമീകരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി വിവിധ അദാനി കമ്പനികൾ ആഭ്യന്തര കടപ്പത്ര വിപണിയിൽ സജീവമായതിന്റെ തുടർച്ചയായാണ് ഈ നീക്കം.

അതേസമയം ആണവോർജ മേഖലയിൽ പ്രവേശിച്ച് അദാനി ആറ്റോമിക് എനെർജി ലിമിറ്റഡ് എന്ന അനുബന്ധ കമ്പനിയും അദാനി ഗ്രൂപ്പ് രൂപീകരിച്ചു. ആണവ വൈദ്യുതി ഉൽപ്പാദനം, വിതരണം, ട്രാൻസ്മിഷൻ എന്നിവ നിർവഹിക്കുന്നതിനായാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലക്ക് ആണവോർജ രംഗത്ത് പ്രവേശനം അനുവദിച്ച SHANTI നിയമം പാസായതിന് പിന്നാലെയാണ് തീരുമാനം.
ഭാവിയിൽ മുഴുവൻ താപ വൈദ്യുതി ശേഷിയും ആണവ വൈദ്യുതിയാൽ മാറ്റിസ്ഥാപിക്കാനും ഏകദേശം 30 ഗിഗാവാട്ട് ശേഷി വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ആണവോർജ പദ്ധതികൾക്കാവശ്യമായ ഇറക്കുമതി ഉപകരണങ്ങൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് 2035 വരെ നീട്ടുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ 2047ഓടെ 100 ഗിഗാവാട്ട് ആണവോർജ ശേഷി ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ഈ നീക്കങ്ങൾ രാജ്യത്തിന്റെ ക്ലീൻ എനെർജിയും ഊർജസുരക്ഷയും ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Adani Group makes a major leap with a ₹1,500 crore bond issue for six airports and the launch of Adani Atomic Energy Limited. Explore how the group is leveraging the SHANTI Act to lead India’s private nuclear energy sector.
