സർവീസ് സമയം രാത്രി 11 മണി വരെ നീട്ടി കൊച്ചി മെട്രോ. നാളെ മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. മെട്രോ സർവീസ് തൃപ്പൂണിത്തുറ ടെർമിനലിലേക്ക് നീട്ടിയത് മുതൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ ട്രെയിനിൽ വന്നിറങ്ങി ടൗണിലേക്ക് മെട്രോയിൽ എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഇതോടെയാണ് രാത്രി 11 മണി വരെ മെട്രോ സർവീസ് നീട്ടാൻ തീരുമാനിച്ചത്. ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് 11 മണിക്ക് അവസാന സർവീസ് പുറപ്പെടുന്ന തരത്തിലാണ് പുതിയ സമയക്രമം.

ഫെബ്രുവരി 15ന് ശിവരാത്രി ദിനത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.30 ന് ആയിരിക്കും. ഫെബ്രുവരി 16 തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് മെട്രോ സർവീസുകൾ ആരംഭിച്ച് രാവിലെ 6 മണി വരെ 30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. അതിനുശേഷം മെട്രോകൾ പതിവ് ഷെഡ്യൂളിൽ പ്രവർത്തിക്കും. കൊച്ചി വാട്ടർ മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് അതിവേഗ ഹൈഡ്രജൻ ബോട്ടുകൾ സർവീസ് ആരംഭിക്കാനും പദ്ധതിയിടുന്നു. പ്രവർത്തനക്ഷമമായാൽ, ആലുവയിൽ നിന്ന് വാട്ടർ മെട്രോ വഴി വിമാനത്താവളത്തിലേക്ക് 10 മിനിറ്റ് മാത്രമേ എടുക്കൂ. 8 കിലോമീറ്റർ റൂട്ടിനായുള്ള ഗതാഗത പഠനം നടന്നുവരികയാണ്.
Kochi Metro (KMRL) extends its operational hours until 11 PM from Aluva and Tripunithura stations. Check the new timings, Shivaratri special schedule, and Water Metro’s airport connectivity plans.
