ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വമ്പൻ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. അടുത്ത 10 വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളർ ചിലവിട്ട് പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന എഐ ഡാറ്റാ സെന്ററുകൾ നിർമിക്കുമെന്നാണ് പ്രഖ്യാപനം.

ലോകത്തെ ഏറ്റവും വലിയ സംയോജിത എനെർജി-കംപ്യൂട്ടിങ് പ്ലാറ്റ്ഫോമിനുള്ള നിക്ഷേപമാണിതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിന് കൈമാറിയ പത്രക്കുറിപ്പിൽ കമ്പനി അവകാശപ്പെടുന്നു. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരിയിൽ മൂന്ന് ശതമാനം വരെ മുന്നേറ്റവും പ്രകടമായി.
അദാനി ഗ്രൂപ്പും ആഗോള ഡാറ്റാ സെന്റർ ഓപ്പറേറ്ററായ എഡ്ജ്കോണക്സും ചേർന്നുള്ള സംയുക്ത സംരംഭമായ അദാനികോണക്സ് (AdaniConneX), നിലവിൽ നടപ്പാക്കുന്ന 2 ജിഗാവാട്ട് ഡേറ്റ സെന്ററിന്റെ പ്രവർത്തനശേഷി 5 ജിഗാവാട്ടിലേക്ക് ഉയർത്തിയാകും ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട വമ്പൻ പദ്ധതി പൂർത്തീകരിക്കുക. പുനരുപയോഗ സ്രോതസ്സ് മുഖേനയുള്ള ഊർജോത്പാദനം, വൈദ്യുതി പ്രസരണം, എഐ കംപ്യൂട്ടിങ് എന്നിവ ഒത്തുച്ചേർന്നുള്ള ലോകത്തെ ഏറ്റവും വലിയ സംയോജിത ഇന്റലിജൻസ് ഹബ്ബ് ആയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിനായി കമ്പനി നടത്തുന്ന ബില്യൺ ഡോളർ നിക്ഷേപത്തോടെ രാജ്യത്തെ സെർവർ മാനുഫാക്ചറിങ്, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ, സോവറിൻ ക്ലൗഡ് പ്ലാറ്റ്ഫോം, അനുബന്ധ വ്യവസായ മേഖലകൾ എന്നിവിടങ്ങളിലേക്ക് 150 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം ഒഴുകിയെത്താനുള്ള പ്രചോദനമേകുമെന്നാണ് പ്രതീക്ഷയെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. 2035ഓടെ രാജ്യത്തെ എഐ ഇൻഫ്രാസ്ട്രക്ചർ ഇക്കോസിസ്റ്റത്തിന്റെ വലിപ്പം 250 ബില്യൺ ഡോളർ ആയി ഉയരാമെന്നും അദാനി ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചാൽ ആഗോള എഐ സമ്പദ്ഘടനയിൽ ഇന്ത്യയ്ക്ക് നിർണായക സ്ഥാനം നേടിയെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എഐ സാങ്കേതികവിദ്യയുടെ വികാസത്തിന് ആവശ്യമായ കംപ്യൂട്ടിങ് ശേഷി നേടുന്നതിനുള്ള വമ്പൻ ഡാറ്റാ സെന്റർ നിർമാണത്തിനൊപ്പം പുനരുപയോഗ ഊർജത്തിന്റെ സാധ്യതയും ഒത്തുചേരുന്നതോടെ രാജ്യത്തെ ഗ്രീൻ-ടെക് ഇന്റലിജൻസ് ഹബ്ബ് ആയി മാറ്റിയെടുക്കാനും സാധിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ.
Adani Group announces a massive $100 billion investment in AI infrastructure, combining renewable energy and 5GW data centers to make India a global AI powerhouse by 2035.