പ്രതിരോധ മേഖലയിൽ നിർണായക ചുവടുവെയ്പുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയിൽ ടാറ്റ ഗ്രൂപ്പ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരത് ഫോർജ് എന്നീ മൂന്ന് സ്വകാര്യ കമ്പനികളെ പ്രതിരോധ മന്ത്രാലയം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. പതിറ്റാണ്ടുകളായി ഇന്ത്യയുടെ യുദ്ധവിമാന നിർമ്മാണത്തിൽ കുത്തകയായിരുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം.

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ വികസിപ്പിക്കുക എന്നതാണ് എഎംസിഎ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അത്യാധുനിക സ്റ്റെൽത്ത് കോട്ടിങ്ങുകളും ഇന്റേർണൽ ആയുധ അറകളുമുള്ള, ഒറ്റ സീറ്റുള്ള ഇരട്ട എഞ്ചിൻ ജെറ്റാണിത്. 125ലധികം യുദ്ധവിമാനങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. ഇവ 2035ഓടെ വ്യോമസേനയുടെ ഭാഗമായേക്കും. ഇതോടെ യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.
കഴിഞ്ഞ വർഷം ഏയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി വഴിയാണ് ഡിആർഡിഒ ടെൻഡറുകൾ ക്ഷണിച്ചത്. അദാനി ഡിഫൻസ്, എച്ച്എഎൽ എന്നിവയുൾപ്പെടെ ഏഴ് കൺസോർഷ്യങ്ങളാണ് ആദ്യം ബിഡ് സമർപ്പിച്ചിരുന്നത്. തിരഞ്ഞെടുത്ത ബിഡ്ഡർമാർക്ക് വിമാനത്തിന്റെ മോഡലുകൾ നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ഇതിന് ശേഷമായിരിക്കും നിർമ്മാണ അവകാശം നൽകുക. ആയുധങ്ങളും ഉപകരണങ്ങളും നവീകരിക്കുന്നത് ഉൾപ്പെടെ, വ്യോമസേനയെ ആധുനികവൽക്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ നിർണായക ഘട്ടമാണ് എഎംസിഎ പദ്ധതി.
The Indian government shortlists Tata, L&T, and Bharat Forge for the AMCA project, marking a historic shift in 5th-generation stealth fighter manufacturing.
