വ്യാപാരം, തുറമുഖ നവീകരണം, ഊർജ പരിവർത്തനം തുടങ്ങിയ മേഖലകളിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ച് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണും (APSEZ) ഫ്രാൻസിലെ പ്രധാന തുറമുഖമായ പോർട്ട് ഓഫ് മാർസേയും (GPMM). ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യ–മിഡിൽ ഈസ്റ്റ്–യൂറോപ്പ് സാമ്പത്തിക ഇടനാഴിയായ IMEC വഴി ട്രേഡ് ഫെസിലിറ്റേഷൻ, പോർട്ട് ഇന്നൊവേഷൻ, എനെർജി ട്രാൻസിഷൻ എന്നിവ ശക്തിപ്പെടുത്തുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. ഇന്ത്യ–യൂറോപ്പ് വ്യാപാര ബന്ധം ശക്തിപ്പെടുത്താനും കരാർ സുപ്രധാനമാകുമെന്ന് അദാനി പോർട്ട്സ് പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യയും യൂറോപ്പ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വ്യാപിപ്പിക്കാനുള്ള ദിശയിൽ ഇതൊരു പ്രധാന നീക്കമാണെന്നാണ് വിലയിരുത്തൽ. ഐഎംഇസി പദ്ധതിയുടെ കിഴക്കൻ പ്രവേശന കവാടങ്ങളായ ഗുജറാത്തിലെ മുന്ദ്ര-ഹസീറ തുറമുഖങ്ങൾ ഉൾപ്പെടുന്ന അദാനി തുറമുഖങ്ങൾ ദക്ഷിണേഷ്യയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങളാണ്. പുതിയ കരാറിലൂടെ യൂറോപ്പിലേക്കുള്ള പാശ്ചാത്യ പ്രവേശന കവാടമായ മാർസേയ് എഫ്ഓഎസ് തുറമുഖം കൂടി ബന്ധിപ്പിക്കപ്പെടുന്നതോടെ ഇന്ത്യ–യൂറോപ്പ് വ്യാപാര പാത കൂടുതൽ ശക്തമാകും.
ഏകദേശം 70 മില്യൺ ടൺ അധിക ശേഷി ഉൾപ്പെടുത്തുന്ന ഈ സഹകരണം തുറമുഖ ഡിജിറ്റലൈസേഷൻ, ഗ്രീൻ മാരിടൈം കോറിഡോർ വികസനം, സുരക്ഷിതവും സ്ഥിരതയാർന്നതുമായ വ്യാപാര ഗതാഗത സംവിധാനം എന്നിവയ്ക്കും സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ–യൂറോപ്പ് വ്യാപാര കരാറുകളുടെ പശ്ചാത്തലത്തിൽ ഈ ഇടനാഴിയുടെ പ്രാധാന്യം കൂടുതൽ ഉയരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
Adani Ports (APSEZ) partners with France’s Port of Marseille to strengthen the India-Middle East-Europe Economic Corridor (IMEC). This deal focuses on trade facilitation, port innovation, and green maritime energy.
