പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് തെയ്യത്തിന്റെ മിനിയേച്ചർ രൂപങ്ങൾ സൃഷ്ടിച്ച് പാരമ്പര്യകലയെ പുതിയ തലമുറയിലേക്കെത്തിക്കുക്കയാണ് കണ്ണൂർ സ്വദേശിയും പത്താം തരം വിദ്യാർത്ഥിയുമായ കെ.വി. ആദി കിരണിന്റെ ‘ടൈനി ട്രഡീഷൻസ്’ എന്ന സംരംഭം. ഉദ്യം ലേണിംഗ് ഫൗണ്ടേഷനും (Udhyam Learning Foundation) കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ബാലസഭാ കുട്ടികൾക്കു വേണ്ടിയുള്ള ലിയോറ (Liora) പ്രോഗ്രാമിന്റെ ഭാഗമായാണ് ആദി കിരണിന്റെ മിനിയേച്ചർ സംരംഭം.

വീട്ടുമാലിന്യങ്ങൾ, പഴയ തുണികൾ, എംബ്രോയിഡറി സാമഗ്രികൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്ന മിനിയേച്ചറുകൾ സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, പ്രാദേശിക കടകൾ എന്നിവ വഴി വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ തെയ്യത്തെയും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും കൂടുതൽ ആളുകളിലേക്കെത്തിക്കാനാകുമെന്നും, പരിസ്ഥിതി സൗഹൃദ കലാപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാകുമെന്നും ആദി കിരൺ പറയുന്നു. ‘ടൈനി ട്രഡീഷൻസ്’ എന്ന പേരിലാണ് മിനിയേച്ചർ നിർമാണം നടത്തുന്നത്. രണ്ട് വർഷം മുൻപാണ് ഈ പ്രവർത്തനം തുടങ്ങിയത്. സ്കൂൾ അവധിക്കാലങ്ങളാണ് പ്രധാനമായും ഇതിനായി നീക്കിവെച്ചത്
ഉദ്യം ടീമിന്റെയും കുടുംബശ്രീയുടെയും പിന്തുണയോടെ മിനിയേച്ചർ നിർമാണം സംരംഭമായി മാറ്റാൻ കഴിഞ്ഞതായി ആദികിരൺ പറഞ്ഞു. ഇപ്പോൾ ‘Tiny Tradition’ എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജിലൂടെ മിനിയേച്ചറുകൾ വിൽപന നടത്തുകയാണ് ആദി കിരൺ. സാധാരണ മിനിയേച്ചർ പൂർത്തിയാക്കാൻ ഏകദേശം ഒരു മാസം വേണം. കൂടുതൽ വിശദാംശങ്ങളുള്ള വർക്ക് ആണെങ്കിൽ ഒന്നര മാസം വരെ സമയമെടുക്കുമെന്നും ആദി കിരൺ പറഞ്ഞു.
പരമ്പരാഗത കലയെ പുതുമയോടെ അവതരിപ്പിക്കുകയും, റിസൈക്ലിംഗിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്ന ‘ടൈനി ട്രഡീഷൻസ്’ പോലുള്ള സംരംഭങ്ങൾ യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ്.
Meet Aadi Kiran, a 10th-grade student from Kannur who launched ‘Tiny Traditions.’ Supported by Udhyam Learning and Kudumbashree, he creates eco-friendly Theyyam miniatures.
