വിജയഗാഥകൾ അഭിലാഷത്തിൽ നിന്നും നിരീക്ഷണത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. ഒപ്പം കഠിനപ്രയത്നം കൂടി ചേരുമ്പോൾ അതിന് മാറ്റ് കൂടുന്നു. അത്തരം യാത്രയാണ് ക്രിയേറ്റീവ് പ്ലാറ്റ്ഫോമായ ഡിസൈൻ ടെംപ്ലേറ്റ് (Designtemplate) സ്ഥാപകൻ ദാദാസാഹേബ് ഭഗതിന്റേത് (Dadasaheb Bhagat). 9000 രൂപ മാസശമ്പളത്തിൽ ഇൻഫോസിസിൽ ഓഫീസ് ബോയ് ആയി ജോലി ആരംഭിച്ച ഭഗത് ഇന്ന് ‘ഇന്ത്യയുടെ കാൻവ’ എന്നറിയപ്പെടുന്ന ഡിസൈൻ ടെംപ്ലേറ്റ് സിഇഓയാണ്.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കർഷക കുടുംബത്തിൽ ജനിച്ച ഭഗതിന് പത്താം തരം വരേ മാത്രമേ വിദ്യാഭ്യാസം ലഭിച്ചുള്ളൂ. അവസരങ്ങൾ തേടി പൂനെയിലേക്ക് പോയ ഭഗത് ഇൻഫോസിസിൽ ഓഫീസ് ബോയ് ആയി. ഈവനിംഗ് ക്ലാസിൽ ചേർന്ന് ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ കോഴ്‌സ് പഠിച്ചു. പിന്നീട് മുംബൈ പ്രൈം ഫോക്കസ് വേൾഡിൽ റോട്ടോ ആർട്ടിസ്റ്റായി. തുടർന്ന് 2018ൽ പൂനെയിൽ അനിമേറ്റഡ് ഡിസൈനുകൾ വില്പന നടത്തുന്ന കമ്പനി തുടങ്ങി. കോവിഡ് പ്രതിസന്ധിയിലും വളർച്ച നേടിയ കമ്പനി 2019-20 കാലയളവിൽ 38 ലക്ഷം വരുമാനം നേടി.
എന്നാൽ കോവിഡ് കാലത്ത് പൂനെയിലെ ഓഫിസ് അടച്ച് നാട്ടിലേക്കു തിരിക്കേണ്ടി വന്നു. ഗ്രാമത്തിൽ ചെറിയ വർക്ക് സ്‌പെയ്‌സ് സ്ഥാപിച്ചു. അതായിരുന്നു ഡൂഗ്രാഫിക്സിന്റേയും ഡിസൈൻ ടെംപ്ലേറ്റിന്റേയും യഥാർത്ഥ ആരംഭം. ചെറുകിട ബിസിനസുകൾക്കായി ഉപയോഗിക്കാൻ എളുപ്പമുള്ള പ്രീമിയം ഡിസൈൻ ടെംപ്ലേറ്റുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോം ഷാർക്ക് ടാങ്ക് സീസൺ-3യിൽ ഭഗത് അവതരിപ്പിച്ചു. ബോട്ട് സഹസ്ഥാപകൻ അമൻ ഗുപ്ത 10 ശതമാനം ഓഹരിക്ക് ഒരു കോടി രൂപ നിക്ഷേപിച്ചതോടെ കമ്പനിയും ഭഗതും ശ്രദ്ധനേടി. ഇന്ന്, അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകൾ ആധിപത്യം പുലർത്തുന്ന ആഗോള ഡിസൈൻ രംഗത്ത്, ഡിസൈൻ ടെംപ്ലേറ്റ് ഇന്ത്യൻ ബദലായി സ്ഥാനം പിടിക്കുന്നു-അന്താരാഷ്ട്ര ഡിസൈൻ പ്ലാറ്റ്ഫോമുകളോടു പോലും വഴി മാറിക്കോയെന്ന് പറയാൻ ശേഷി നേടിയിരിക്കുന്നു.
Discover the story of Dadasaheb Bhagat, the former office boy who built ‘Design Template,’ India’s answer to Canva. From a ₹9k salary to winning a ₹1 crore deal on Shark Tank India.
