ഓൾ ഇന്ത്യ സ്‌പൈസസ് എക്സ്പോർട്ടേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം കൊച്ചിയിലെ ലെ മെറിഡിയനിൽ ആരംഭിച്ചു.
മുപ്പത് രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നു. “സ്പൈസ് 360 – ഭാവിക്കായി സജ്ജമാവാം” എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഉദ്ഘാടനം മുൻ ജി20 ഷെർപ്പയും നീതി ആയോഗ് മുൻ സിഇഒയുമായ അമിതാഭ് കാന്ത് നിർവഹിച്ചു.മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്കും ബ്രാൻഡിംഗ്, സാങ്കേതിക വിദ്യയിലേക്കും സ്പൈസ് മേഖല മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന് രണ്ടായിരം വർഷത്തെ സുഗന്ധവ്യഞ്ജന വ്യാപാര പാരമ്പര്യമുണ്ട്. കഴിഞ്ഞ വർഷം 400 കോടി ഡോളറിലധികം മൂല്യമുള്ള കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
മേഖല അഞ്ചു മുൻഗണനകൾ നിശ്ചയിക്കേണ്ടതുണ്ട്. ആരോഗ്യപോഷക ഉൽപ്പന്നങ്ങൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്നിവയിൽ മൂല്യവർധിത കയറ്റുമതി ശക്തിപ്പെടുത്തുക; കൃഷി മുതൽ ഗുണനിലവാര നിയന്ത്രണം വരെ കൃത്രിമ ബുദ്ധിയും ഡാറ്റയും പ്രയോജനപ്പെടുത്തുക; കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കൃഷി മാതൃകകൾ രൂപപ്പെടുത്തുക; സ്ഥിരതയും ട്രേസബിലിറ്റിയും ബാധ്യതയായി കാണാതെ മത്സരക്ഷമതയായി കാണുക; 80 ശതമാനത്തിലധികം കൃഷിയും ചെയ്യുന്ന ചെറുകിട കർഷകരെ മുൻ നിർത്തി നയങ്ങളിലും വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണവ.
“സുഗന്ധവ്യഞ്ജന മേഖല നിർണായക വഴിത്തിരിവിലാണ്. ഈ കയറ്റുമതി മേഖലയുടെ പുതിയ സുവർണ്ണ അധ്യായവും ഇന്ത്യ തന്നെ എഴുതണം” അദ്ദേഹം പറഞ്ഞു.
മുഖ്യ പ്രഭാഷകനും ഒറ്റെറ സി.ഇ.ഒയുമായ മാർട്ടിൻ സോൺടാഗ് ഭക്ഷ്യരംഗത്തിന്റെ അടുത്ത ദശകം വിശ്വാസം, സഹകരണം, ഉത്തരവാദിത്വം എന്നിവയെ അടിസ്ഥാനമാക്കിയാവുമെന്ന് അഭിപ്രായപ്പെട്ടു.
സുരക്ഷയും സ്ഥിരതയും സംബന്ധിച്ച് ആഗോള വിപണിയിൽ പ്രതീക്ഷകൾ വലുതാണ്. ഈ സാഹചര്യത്തിൽ സുതാര്യമായ സംവിധാനങ്ങളും തുടർച്ചയായ മെച്ചപ്പെടുത്തലും മാത്രമേ ഉപഭോക്തൃ വിശ്വാസം നിലനിർത്തുകയുള്ളു, അദ്ദേഹം പറഞ്ഞു.
ആഗോള വിപണിയിൽ വിശ്വാസ്യതയും നിലവാരവും നിർണായകമാകുന്ന കാലമാണിതെന്ന് പറഞ്ഞു. കയറ്റുമതിക്കായിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കേണ്ട മേഖലകൾ സ്പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ വിശദീകരിച്ചു.
സുഗന്ധവ്യഞ്ജന മൂല്യ വർദ്ധന ശൃംഖലയിലെ വിവിധ ഘടകങ്ങളെ ഒരു കുടക്കീഴിൽ നിരത്തുന്ന ലോകത്തിലെ തന്നെ പ്രധാന വേദിയായി സമ്മേളനം മാറിയെന്ന് എ.ഐ. എസ്.ഇ.എഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു.
കാലാവസ്ഥാ വെല്ലുവിളികളും ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള നിയമങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ “ഫ്യൂച്ചർ റെഡിനസ്” ഇനി ഐച്ഛികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പൈസസ് രംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത വിശ്വാസം, സുതാര്യത, സ്ഥിരത, ഉന്നത നിലവാരം എന്നിവയിൽ ആശ്രയിച്ചിരിക്കുമെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറി പി. ഹേമലത പറഞ്ഞു.
അവശിഷ്ടപരിധികളും രേഖാപരമായ പരിശോധനകളും കർശനമാകുന്ന സാഹചര്യത്തിൽ രാജ്യങ്ങൾക്കിടയിലെ മാനദണ്ഡ ഏകീകരണം ആവശ്യമാണ്. കർഷകർക്ക് പരിശീലനം, ഉത്തരവാദിത്തമുള്ള കീടനാശിനി ഉപയോഗം, ട്രേസബിലിറ്റി സംവിധാനം എന്നിവ ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു. ഗുണനിലവാര പരിശോധനയും ലബോറട്ടറി ശൃംഖലയും ഇതിനകം വിപുലീകരിച്ചു കഴിഞ്ഞു.
സമ്മേളനത്തിൽ മേഖലയിലെ മികച്ച സംഭാവനകൾക്ക് എ.ഐ. എസ്.ഇ.എഫ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എ.പി. മുരുകൻ (പാപ്രിക ഒലിയോസ്) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടി.
കെ.എം. ചന്ദ്രശേഖർ ‘സ്പൈസ് വിഷനറി അവാർഡ് 2026’ സ്വീകരിച്ചു. അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ ഇൻസ്റ്റിറ്റ്യൂഷണൽ അവാർഡ് നേടി. ഫിലിപ്പ് കുറുവിളയ്ക്ക് ‘സ്പൈസ് ഗുരു അവാർഡ് 2026’ നൽകി.
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന 2026 പ്രദർശന നഗരി ദേശീയ ടർമറിക്ക് ബോർഡ് സെക്രട്ടറി എൻ. ഭവാനി ശ്രീ ഉദ്ഘാടനം ചെയ്തു. പ്രോസസ്സിംഗ്, ഗുണനിലവാര പരിശോധന, ട്രേസബിലിറ്റി, സർട്ടിഫിക്കേഷൻ, ലജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശനത്തിലുണ്ട്.
കയറ്റുമതിക്കാർ, സംസ്‌കരണ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ പ്രമുഖർ, നിയന്ത്രണ സംവിധാനങ്ങളിലെ ഔദ്യോഗിക പ്രതിനിധികൾ എന്നിവർ നാലു ദിവസത്തെ ചർച്ചകളിൽ പങ്കെടുക്കും
| Former NITI Aayog CEO Amitabh Kant inaugurates the International Spice Conference in Kochi. Focus on AI, value-added exports, and India’s 2000-year trade legacy. |