ഭീകരവാദത്തെ ചെറുക്കാൻ ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിൽ എത്തിയ മോഡി ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്തു. ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മോഡി സുഹൃത്തല്ല, സഹോദരനെന്ന് പറഞ്ഞ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യ ഒപ്പം നിന്നുവെന്നും പറഞ്ഞു. നേരത്തേ മോഡിക്കായി വമ്പൻ സ്വീകരണം ഒരുക്കിയ ഇസ്രായേൽ, ഇന്ത്യയുമായുള്ള സൗഹൃദത്തിൻ്റെ പ്രാധാന്യം വെളിപ്പെടുത്തി.

പ്രതിരോധ-വാണിജ്യ രംഗങ്ങളിൽ സുപ്രധാന കരാറുകൾ ഈ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് വിവരം. ഇറാനും അമേരിക്കയ്ക്കും ഇടയിൽ സംഘർഷ സാധ്യത നിലനിൽക്കെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്. മോഡിയുടെ ഇസ്രായേൽ സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങൾ എക്കാലത്തേക്കാളും നിർണായകമാകുന്ന നിമിഷത്തിലാണ്. 2020-2024ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ റഷ്യയ്ക്കും ഫ്രാൻസിനും ശേഷം മൂന്നാം സ്ഥാനത്താണ് ഇസ്രായേൽ.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ‘സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ’ നൽകി ഇസ്രായേൽ ആദരിച്ചു. മോഡി ഇസ്രായേൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് ശേഷം നെസെറ്റ് സ്പീക്കർ അമീർ ഒഹാനയാണ് അവാർഡ് സമ്മാനിച്ചത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മോഡിയുടെ സംഭാവനകളെ അംഗീകരിച്ചാണ് ഈ മെഡൽ സമ്മാനിച്ചത്.
PM Modi visits Israel to bolster defense and trade ties. Addressing the Knesset, he pledged support for the Gaza peace plan and received the ‘Speaker of the Knesset Medal’.
