ഇന്ത്യൻ നാവികസേനയുടെ പുതിയ നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്റർ (NUH) പദ്ധതിക്കായി നിർണായക ബിഡുമായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും (Tata Advanced Systems Limited) എയർബസ് (Airbus)യും രംഗത്ത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ മാതൃകയിൽ 76 എച്ച്-160എം (H-160M) ഹെലികോപ്റ്ററുകൾ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. 2025 ഓഗസ്റ്റിൽ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് പുറത്തിറക്കിയ റിക്വസ്റ്റ് ഫോർ ഇൻഫോർമേഷന്റെ (RFI) അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്. തിരച്ചിൽ-രക്ഷാപ്രവർത്തനം, മെഡിക്കൽ ഇവാക്വേഷൻ, ചരക്ക്-യാത്രാ ഗതാഗതം, തീരസുരക്ഷ, കുറഞ്ഞ തീവ്രതയുള്ള സൈനിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഈ ഹെലികോപ്റ്ററുകൾ വിന്യസിക്കാനാണ് പദ്ധതി.
പുതുതലമുറ കോംപോസിറ്റ് ഘടന, ആധുനിക ഏവിയോണിക് സംവിധാനങ്ങൾ, കപ്പൽ ഡെക്കുകളിൽ പ്രവർത്തിക്കാൻ അനുയോജ്യമായ ഡിസൈൻ തുടങ്ങിയ സവിശേഷതകളോടെയാണ് എച്ച്-160എം എത്തുന്നത്. ഇന്ത്യയിൽ തന്നെ നിർമ്മാണവും അസംബ്ലിയും നടത്താനുള്ള സാധ്യത പദ്ധതിയുടെ പ്രധാന ആകർഷണമായി വിലയിരുത്തപ്പെടുന്നു. പഴയ ഹെലികോപ്റ്റർ നിരയെ പകരംവയ്ക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കുകയും പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന സാങ്കേതിക പരിഹാരമായാണ് നാവികസേനയും തീരസംരക്ഷണ സേനയും ഈ പദ്ധതിയെ കാണുന്നത്. പ്രതിരോധ മേഖലയിൽ തദ്ദേശീയ നിർമ്മാണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ആത്മനിർഭർ ദൗത്യത്തിനും ഈ സംയുക്ത ശ്രമം വലിയ പിന്തുണ നൽകും.
Tata and Airbus propose the advanced H160M for the Indian Navy’s 76-unit helicopter project. A major boost for ‘Aatmanirbhar Bharat’ in the high-tech defence sector.
