കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നാല് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം ഇന്നാരംഭിക്കും. കഴിഞ്ഞ മൂന്ന് വർഷമായി നിലനിൽക്കുന്ന കടുത്ത നയതന്ത്ര പ്രതിസന്ധികൾക്ക് വിരാമമിട്ടാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് വഷളായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും സാമ്പത്തിക-തന്ത്രപ്രധാന മേഖലകളിൽ സഹകരണം ഉറപ്പാക്കാനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്.

കാർണിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2025 മാർച്ചിലാണ് കാനഡയുടെ പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്. മുംബൈയിലെത്തുന്ന കാർണി വ്യവസായ പ്രമുഖർ, കനേഡിയൻ പെൻഷൻ ഫണ്ട് പ്രതിനിധികൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പ്രതിനിധിതല ചർച്ചകൾ നടത്തുന്ന കാർണി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വിലയിരുത്തും. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ബില്യൺ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പുനരുജ്ജീവിപ്പിക്കും. ക്രിട്ടിക്കൽ മിനറലുകൾ, ശുദ്ധമായ ഊർജ്ജം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കും.
ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള അമേരിക്കയുമായുള്ള ബന്ധം കണക്കിലെടുത്ത്, കാനഡ തങ്ങളുടെ വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ ഇന്ത്യാ സന്ദർശനം.
Canadian PM Mark Carney arrives in India to mend diplomatic ties and boost bilateral trade to $70 billion. Explore the key focus areas including critical minerals, clean energy, and economic cooperation
