ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ചാർട്ടർ വിമാന സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നതായി യാത്രാ പ്ലാറ്റ്ഫോമായ ഈസ്മൈട്രിപ്പ് (EaseMyTrip) അറിയിച്ചു. കമ്പനി സ്ഥാപകനും ചെയർമാനുമായ നിഷാന്ത് പിട്ടിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഈ വിവരം അറിയിച്ചത്. സഹായം ആവശ്യമുള്ളവർ ബന്ധപ്പെട്ട വാട്സ്ആപ്പ് ചാനലിൽ ചേർന്ന് വിവരം വ്യാപകമായി പങ്കുവെക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. യുഎഇയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് യാത്രാസഹായവും അപ്ഡേറ്റുകളും ലഭ്യമാക്കുന്നതിനായി വാട്ട്സ്ആപ്പ് ചാനലിൽ ചേരണമെന്നും അദ്ദേഹം നിർദേശിച്ചു.

അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെട്ട സംഘർഷം ശക്തമായ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ സുരക്ഷാ ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ ദുബായ്, അബുദാബി, മസ്കത്ത് എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. യുഎഇയുടെ വ്യോമപാത നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ, ഒമാൻ ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള പ്രധാന ട്രാൻസിറ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്.
EaseMyTrip founder Nishant Pitti announces planned charter flights from Oman to India for travelers stranded by the Gulf conflict. Join their WhatsApp channel for live updates and travel assistance.