വിദേശ രാജ്യങ്ങളിലേതിന് സമാനമായി പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര ഗവർൺമെന്റ്. ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായാണ് വമ്പൻ നീക്കം. കോൺക്ലേവ് ഫോർ റോഡ് സേഫ്റ്റിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനത്തിൽ ഓരോ ട്രാഫിക് നിയമലംഘനങ്ങൾക്കും ഓരോ പോയിന്റ് വീതം നഷ്ടമാകും. നിശ്ചിത പരിധിക്ക് മുകളിൽ പോയിന്റുകൾ നഷ്ടമായാൽ ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനുള്ള മാർഗവും സംവിധാനത്തിൽ ഒരുക്കും. മദ്യപിച്ച് വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങൾ തടയാൻ ഈ നിർദേശം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാലാവധി അവസാനിക്കുന്ന ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് ടെസ്റ്റുകൾ നിർബന്ധമാക്കുന്നത് അടക്കമുള്ള സുപ്രധാന മാറ്റങ്ങളും നടപ്പിലാക്കും. നിലവിൽ ടെസ്റ്റുകൾ ഇല്ലാതെ തന്നെ ലൈസൻസ് പുതുക്കാൻ സാധിക്കും. പുതിയ നിയമം അനുസരിച്ച് നിയമലംഘനങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളുകൾക്ക് ലൈസൻസ് പുതുക്കുന്നതിന് ടെസ്റ്റുകൾ പാസാകേണ്ടി വരും. യോഗ്യതയുള്ള ഡ്രൈവർമാർക്ക് മാത്രമേ ലൈസൻസ് ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
The Central Government is set to launch a point-based driving license system to curb traffic violations. Learn how the new penalty system, re-testing rules, and license suspensions will work.
